കോഴിക്കോട്∙ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ വെള്ളത്തിൽ വീണുമരിച്ച ലിനുവിന്റെ കടുംബത്തിനെ ആശ്വസിപ്പിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായാണ് മമ്മൂട്ടി അറിയിച്ചത് .ചാലിയാർ കരകവിഞ്ഞ് ഒറ്റപെട്ടുപോയ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ലിനു വെള്ളത്തിൽ വീണ് മരിക്കുന്നത്.
ലിനുവിനെ കാണാതെപോയതിനെ തുടർന്ന് എറെ നേരം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. തന്റെ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും ലിനുവിന്റെ അമ്മയോട് പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകൾ തങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണെന്ന് ലിനുവിന്റെ കുടുംബം അറിയിച്ചു . മമ്മൂട്ടിക്ക് മുൻപ് നിരവധി സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ലിനുവിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിരുന്നു.
തങ്ങളുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ലിനുവും അമ്മയും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നും വെള്ളത്തിൽ അകപെട്ടവരെ രക്ഷപ്പെടുത്താൻ ലിനു ഇറങ്ങിതിരിച്ചപ്പോഴാണ് വെള്ളത്തിൽ വീഴുന്നത് . ലിനുവിനെ കണ്ടെത്താൻ ഒരു ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. ലിനുവിന്റെ അമ്മയും കുടുംബവും ഉള്ള ക്യാമ്പിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്.