tripple-talaq

ലക്‌നൗ: മരുന്ന് വാങ്ങാൻ 30 രൂപ ചോദിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിനെ ഹാപുരിയിലാണ് സംഭവം. പണം ആവശ്യപ്പെട്ട ഭാര്യയുമായി തർക്കമുണ്ടാകുകയും തുടർന്ന് മുത്തലാഖ് ചൊല്ലുകയുമായിരുന്നു.യുവാവും ബന്ധുക്കളും ചേർന്ന് ഭാര്യയേയും കുട്ടികളേയും വീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ആഗസ്ത് ഒന്നിന് മുത്തലാഖ് ക്രിമിനൽല്‍ കുറ്റമാക്കി പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡി.എസ്‌.പി രാജേഷ് സിങ്ങ് പറഞ്ഞു.നിയമം മൂലം നിരോധിച്ചെങ്കിലും മുത്തലാഖ് ഉത്ത‌‌ർപ്രദേശിൽ വ്യാപകമാവുകയാണെന്ന് പൊലീസ് രേഖകൾ സൂചിപ്പിക്കുന്നു. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയ യുവതിയുടെ മൂക്ക് വെട്ടിയ സംഭവം സീതാപൂരില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.