ജലസ്രോതസുകൾ മലിനപ്പെടുമ്പോഴാണ് മഴക്കാലത്ത് മഞ്ഞപ്പിത്തം പടരുന്നത്. പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിനും കണ്ണിനും മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങൾ. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുകയാണ് മഞ്ഞപ്പിത്തം ഒഴിവാക്കാനുള്ള പ്രധാന മാർഗം.
ക്ളോറിനേഷൻ നടത്താത്ത വെള്ളം ഉപയോഗിക്കരുത്. ആഹാരം പാകം ചെയ്യുന്ന പാത്രങ്ങൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ തുടങ്ങിയവ ചുടൂവെള്ളത്തിൽ കഴുകി മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണം പാകം ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വ്യക്തിശുചിത്വം ഉറപ്പാക്കുക. ആഹാരം പാകം ചെയ്യാൻ ശുദ്ധജലം ഉപയോഗിക്കുക. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ കുടിക്കാവൂ. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
മഴക്കാലത്ത് പുറമേ നിന്ന് ജ്യൂസും മറ്റും കുടിക്കാതിരിക്കുക. യാത്രയിൽ കഴിവതും കുടിവെള്ളം കരുതുക. തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക.
മലമൂത്രവിസർജ്ജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക. രോഗം ബാധിച്ചവരും അടുത്തിടെ മാത്രം ഭേദമായവരും ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യരുത്.