ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. പുലർച്ചെ 3.30ന് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മാറ്റിയത്. പിന്നീട് പേടകം ബഹിരാകാശത്തുകൂടി ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചു.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്താൻ ഏഴ് ദിവസങ്ങളെടുക്കും. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മാറ്റി ചന്ദ്രന്റെ ഭ്രമണപതത്തിലേക്കുള്ള കുതിപ്പിന് ട്രാൻസ് ലൂണാർ ഇൻജക്‌ഷൻ എന്നാണ് പറയുന്നത്. ആഗസ്റ്റ് 20 മുതൽ പേടകം ചന്ദ്രനെ ചുറ്റാൻ തുടങ്ങും. പിന്നീട് പതുക്കെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥം ചുരുക്കികൊണ്ടുവരും. ചന്ദ്രന് 100 കിലോമീറ്റർ അടുത്തെത്തുമ്പോഴാണ് പേടകത്തിലെ ലാൻഡറും റോവറുമടങ്ങുന്ന ഭാഗങ്ങൾ ചന്ദ്രഉപരിതലത്തിൽ ഇറങ്ങുക. ഇത് സെപ്തംബർ 7ന് പുലർച്ചെയായിരിക്കും.
ജൂലായ് 22നാണ് ചന്ദ്രയാൻ 2 പേടകം ശ്രീഹരിക്കോട്ടയിൽ നിന്ന് പുറപ്പെട്ടത്. നിലവിൽ ഭൂമിയിൽ നിന്ന് ഒന്നരലക്ഷം കിലോമീറ്റർ മേലെയുള്ള ഭ്രമണപഥത്തിലാണ്. വിക്ഷേപണ ദിവസം മുതൽ അത് ഭൂമിയെ ചുറ്റുകയാണ്. ഇതിനിടയിൽ നാലുതവണ ഭ്രമണപഥം മേലേക്ക് ഉയർത്തി. 'സോഫ്റ്റ് ലാൻഡിംഗ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാൻഡറി'ൽ നിന്ന് 'റോവർ' പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും.