red-117

''മാറി നിൽക്ക്."

എസ്.ഐ കാർത്തിക്കും പോലീസുകാരും ജനങ്ങളെ അല്പം അകലേക്കു നീക്കി നിർത്തി.

പിന്നെ ചന്ദ്രകലയോട് കാര്യം തിരക്കി.

''അപ്പോൾ ഈ കാർ കോവിലകത്തുനിന്ന് മോഷ്ടിക്കപ്പെട്ടതാണ് അല്ലേ?"

''അതെ സാർ. പക്ഷേ, ആ കള്ളനെ ഉടനെ കണ്ടുപിടിക്കണം സാർ... ഇക്കൂട്ടത്തിൽത്തന്നെ ഉണ്ടാകും അവൻ."

ചന്ദ്രകല ചുറ്റും കൂടിയ ജനങ്ങൾക്കു നേരെ തിരിഞ്ഞു.

കാർത്തിക് ഒന്നു മൂളി.

ഫയർഫോഴ്സുകാർ അയാൾക്ക് അരുകിലെത്തി.

കാർ കിടക്കുന്ന ഭാഗവും റോഡുമായുള്ള അകലം കണക്കാക്കിയിട്ട് ക്രെയിൻ സർവീസ് എത്തിച്ചേരുവാൻ നിർദ്ദേശിച്ചു.

''ആരെങ്കിലും രണ്ടുമൂന്നു കസേരകൾ കൊണ്ടുവരുമോ?"

കാർത്തിക് ആരോടൊന്നില്ലാതെ തിരക്കി. ആരും പ്രതികരിച്ചില്ല.

ജനങ്ങൾ ചന്ദ്രകലയ്ക്കും പ്രജീഷനും എതിരാണെന്ന് ആ നിമിഷം കാർത്തിക് തിരിച്ചറിഞ്ഞു.

പാലത്തോടു ചേർന്ന് കുറ്റിക്കാടുകളെ ചതച്ചരച്ചുകൊണ്ടാണ് കാർ നദിയിലേക്കു പോയിരിക്കുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ സാധാരണ, സ്ഥലത്തെ ജനങ്ങളുടെ സഹായം കിട്ടാറുണ്ട്. ഇവിടെ പക്ഷേ പ്രദേശവാസികൾ സഹായിക്കില്ലെന്ന് കാർത്തിക്കിനുറപ്പായി.

ക്രെയിൻ എത്തി.

അതിൽ നിന്ന് നീളമുള്ള ഒരു അയൺ റോപ്പ് നദിയിലേക്കിട്ടു.

ആ ഭാഗത്തുകൂടി നദിയിലേക്ക് ഇറങ്ങാൻ കഴിയുമായിരുന്നില്ല.

''നിങ്ങളൊക്കെ എങ്ങനെയാ ഇവിടെ ഇറങ്ങുന്നത്?"

എസ്.ഐയുടെ ആ ചോദ്യത്തിനും ആരും പ്രതികരിച്ചില്ല. മാത്രമല്ല, സാധാരണ ഒരു വാഹനം ഇത്തരം അവസ്ഥയിൽ നിന്ന് ഉയർത്തിയെടുക്കുമ്പോൾ കാണാൻ ജനം തള്ളിക്കയറുന്നതാണ്.

ഇവിടെ അതും ഉണ്ടായില്ല.

ഏതാനും പേർ കുറച്ചകലെ മാറി നോക്കിനിന്നു. മറ്റുള്ളവർ പിരിഞ്ഞുപോയി....

തങ്ങളോട് ജനങ്ങൾക്കുള്ള എതിർപ്പ് എത്രമാത്രമുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു ചന്ദ്രകലയും പ്രജീഷും.

**** *** ****

ഉച്ചകഴിഞ്ഞ് ചാലിയാർ പുഴയിൽ നിന്ന് ഉയർത്തിയ കാർ കെട്ടിവലിച്ച് നിലമ്പൂരിൽ വർക്ക്‌ഷോപ്പിലേക്കു കൊണ്ടുപോയി.

ചന്ദ്രകലയും പ്രജീഷും കോവിലകത്തേക്കു മടങ്ങി.

കാറിലിരിക്കുമ്പോൾ ചന്ദ്രകല പറഞ്ഞു:

''ഒറ്റയെണ്ണത്തിന് നമ്മളെ ഇഷ്ടമല്ല. കണ്ടല്ലോ അവരുടെയൊക്കെ പ്രതികരണം. നടുറോഡിൽ വച്ച് നമ്മളെ ആരെങ്കിലും ഉപദ്രവിച്ചാൽ പോലും ഒരുത്തനും സഹായിക്കില്ല. അതുകൊണ്ട് ഒരു മണിക്കൂർ നേരത്തെ പറ്റിയാൽ അങ്ങനെ... നമുക്കിവിടം വിടണം."

''ശരിയാണ്." പ്രജീഷ് സമ്മതിച്ചു.

''മാത്രമല്ല..." ചന്ദ്രകല തുടർന്നു. ''വർക്ക്‌ ‌ഷോപ്പിലേക്കു കൊണ്ടുപോയ കാർ നമുക്കിനി വേണ്ടാ. ഈ നാട്ടുകാരുടെ മുന്നിലൂടെ ഒരു പുത്തൻ കാർ ഓടിച്ചു വേണം നമുക്കു പോകുവാൻ."

''അതിനുള്ള ഏർപ്പാട് ഞാൻ ചെയ്യാം."

അപ്പോൾത്തന്നെ പ്രജീഷ് ബാംഗ്ളൂർ കണക്‌ഷനുള്ള തന്റെ ഒരു സുഹൃത്തിനെ വിളിച്ചു.

കേരളത്തിലേക്കാൾ വേഗത്തിൽ അവിടെ മുന്തിയ കാറുകൾ കിട്ടും.

എത്രയും വേഗം ഒരു 'റെയ്‌ഞ്ച് റോവർ' കാർ വേണമെന്ന് അയാൾ അറിയിച്ചു.

''എന്നാലും കോവിലകത്തുനിന്ന് ആരാവും കാർ കൊണ്ടുപോന്നത്? 'കീ ' നമ്മുടെ കയ്യിൽ ആയിരുന്നല്ലോ. പ്രജീഷ് ചിന്തയോടെ മന്ത്രിച്ചു.

''ഒരു കീ മാത്രമേ നമ്മുടെ കയ്യിലുണ്ടായിരുന്നുള്ളു പ്രജീഷ്. സ്പെയർ കീ എവിടെയാണെന്ന് അറിയില്ല...."

പറഞ്ഞുകൊണ്ട് ചന്ദ്രകല കാർ നിർത്തി. കോവിലകത്ത് എത്തിയിരുന്നു അവർ.

പുറത്തേക്കു കാൽ വയ്ക്കുന്നതിനിടയിൽ പെട്ടെന്നായിരുന്നു ചന്ദ്രകലയുടെ ചോദ്യം:

''പ്രജീഷ്. പ്രേതം കാറോടിക്കുമോ?"

പ്രജീഷിന്റെ നെറ്റി ചുളിഞ്ഞു. ബോണറ്റിനെ ഒന്നു വലം വച്ച് അയാൾ അവൾക്കു മുന്നിലെത്തി.

''എന്താ ഇപ്പം ഇങ്ങനൊരു ചോദ്യം?"

''പാഞ്ചാലിക്ക് ഡ്രൈവിംഗ് അറിയാമായിരുന്നു... ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ അവളുടെ അച്ഛൻ പഠിപ്പിച്ചതാ..."

ആ വാചകങ്ങൾ പ്രജീഷിന്റെ മനസ്സിലേക്കും സംശയത്തിന്റെ വിത്തുകൾ ചിതറിവീണു.

ഡ്രൈവറില്ലാതെ കാർ സ്വയം ഓടിയതൊക്കെ എവിടെയോ കേട്ടിട്ടുണ്ടെന്നു തോന്നി. അതോ വല്ല സിനിമയിലുമോ? പ്രേതങ്ങൾക്ക് അതിനൊക്കെ സാധിക്കുമോ?

ഉത്തരമില്ലാത്ത പ്രപഞ്ച നിഗൂഢതകൾ ആരറിയുന്നു?

ആത്മാക്കൾ ഉണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്.

മരിച്ചുപോയവരുടെ ആത്മാക്കളെ മുന്നിൽ വിളിച്ചുവരുത്തി സംസാരിക്കുന്നവരുണ്ടെന്നു വായിച്ചിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കൾക്കു മുന്നിൽ ആത്മാക്കൾ നേരിട്ടെത്തി ആശയവിനിമയം നടത്തുന്നുവെന്നു കേട്ടിട്ടുണ്ട്.

ജീവിച്ചിരിക്കുമ്പോൾ മദ്യപിക്കുമായിരുന്നവർക്ക് മരണശേഷം മദ്യപൂജ നടത്തുന്നുവെന്ന് അറിഞ്ഞിട്ടുണ്ട്.

ആത്മാവ്, ജീവിച്ചിരിക്കുന്നവരിൽ പ്രവേശിച്ച് പലതും ചെയ്തുകൂട്ടുന്നതായും ചിലർ പറയുന്നു. ചിലർ പറയുന്നത് അവർക്കു ഭ്രാന്താണെന്നാണ്.

കൊച്ചുകുട്ടികൾ മുതിർന്നവരെപ്പോലെ സംസാരിക്കുകയും പൂർവജന്മ സംഭവങ്ങൾ അതേപടി പറയുകയും ചെയ്തിട്ടുണ്ട്.

ഒരിക്കലും എത്തിയിട്ടില്ലാത്ത സ്ഥലത്തെത്തുമ്പോൾ എല്ലാം പരിചയം ഉള്ളതുപോലെ പെരുമാറുന്നവരുണ്ട്.

ഒരുപാട് ചോദ്യചിഹ്നങ്ങൾ വണ്ടുകളെപ്പോലെ പ്രജീഷിന്റെ കാതുകൾക്കു ചുറ്റും മൂളിപ്പറന്നു...

(തുടരും)