goa-international-airport

ന്യൂ‌ഡൽഹി: തെരുവുനായ ബൈക്കിന് മുന്നിൽ ചാടി അപകടം ഉണ്ടായ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പൊതുവെ റോഡ് ഗതാഗതത്തെയാണ് ഇവയുടെ ശല്യം ബാധിക്കാറ്. എന്നാൽ ഇപ്പോൾ തെരുവുപട്ടികൾ വിമാനത്താവളവും കീഴടക്കിയിരിക്കുകയാണ്. ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ തെരുവുപട്ടികളിറങ്ങിയതിനെത്തുടർന്ന് വിമാനമിറക്കാനായില്ല. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ദബോലി വിമാനത്താവളത്തിലാണ് സംഭവം. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

മുംബയിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനം റൺവേ തൊടുന്നതിന് സെക്കന്റുകൾ ശേഷിക്കെയാണ് റൺവേയിലുള്ള അഞ്ചോ ആറോ പട്ടികൾ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം ഉടൻ എയർട്രാഫിക് കൺട്രോളറിനെ വിവരം അറിയിച്ചു. ഏകദേശം പതിനഞ്ച് മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം താഴെ ഇറക്കിയത്.

യാത്രക്കാർ കാര്യം അന്വേഷിച്ചപ്പോഴാണ് പൈലറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗോവിന്ദ് ഗവോങ്കർ എന്ന യാത്രക്കാരനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അതേസമയം രാത്രിയായതിനാൽ റൺവേയിൽ തെരുവുനായ്ക്കളെ കാണാൻ സാധിച്ചില്ലെന്നാണ് വിമാനത്താവളം അധികൃതരുടെ വിശദീകരണം. വിമാനത്താവളത്തിന്റെ പരിസരത്ത് ഏകദേശം 200 തെരുവുപട്ടികളുണ്ടെന്നാണ് റിപ്പോർട്ട്. ഇവയെ വന്ധ്യംകരിച്ച് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.