കോട്ടയം: കോട്ടയം സ്വദേശി കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി മാറ്റി. ഈ മാസം 22ന് കേസിൽ വിധി പറയുമെന്നാണ് കോട്ടയം സെഷൻസ് കോടതി ഉത്തരവിട്ടത്. കോടതി ചേർന്നപ്പോൾ തന്നെ കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ജഡ്‌ജി ആവശ്യപ്പെട്ടു. ഇതിനായി പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അഭിപ്രായം കോടതി തേടി. കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും ദുരഭിമാനക്കൊലയായി പ്രഖ്യാപിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ മുഖ്യസാക്ഷിയായ ലിജോയും മുഖ്യപ്രതിയായ ഷാനു ചാക്കോയും തമ്മിൽ നടന്ന ഫോൺ സംഭാഷണം ഇതിന് തെളിവാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. താഴ്‌ന്ന ജാതിക്കാരനായ കെവിൻ നീനുവിനെ കല്യാണം കഴിക്കുന്നത് തങ്ങൾക്ക് നാണക്കേടാണെന്നാണ് ഷാനു സന്ദേശം അയച്ചത്. എന്നാൽ ദുരഭിമാനക്കൊലയല്ലെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം. കെവിനും നീനുവും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛൻ സമ്മതിച്ചിരുന്നതായും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
മേയ് 26നാണ് എസ്.എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കൾ അടങ്ങിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ വീട്ടുകാരുടെ അനിഷ്ടം വകവെയ്ക്കാതെ കൊല്ലപ്പെട്ട കെവിൻ വിവാഹം ചെയ്തതിനു പിന്നാലെയായിരുന്നു ക്രൂരമർദ്ദനവും കൊലപാതകവും. കോട്ടയം നാട്ടകത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ ഷാനുവും സംഘവും കെവിനെ മർദ്ദിച്ച് പുറത്തിറക്കുകയും കാറിൽ കയറി തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
കെവിനോടൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ സംഘം അന്നു തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും നടപടി വൈകിയതാണ് കെവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണമുണ്ടായിരുന്നു. കേസിൽ പങ്കുള്ള ഷാനു, അച്ഛൻ ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരെയും അറസ്റ്റ് ചെയ്തിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.