kerala-lottery

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ലോട്ടറി അടിച്ച ശേഷം പണം കെെപ്പറ്റാത്ത ലോട്ടറികളിൽ നിന്നും സർക്കാരിന് ലഭിച്ചത് കോടികൾ. സമ്മാനം കിട്ടിയ വിവരം അറിയാത്തവർ, ടിക്കറ്റ് നഷ്ടമായതിനാൽ സമ്മാനം കരസ്ഥമാക്കാൻ കഴിയാതെ പോയവർ എന്നിവർക്ക് അടിച്ച ഭാഗ്യക്കുറികളിൽനിന്നടക്കം സർക്കാരിന് 220.99 കോടി രൂപയാണ് ലഭിച്ചത്.

വർഷംതോറും ഈ തുക വർദ്ധിക്കുന്നുണ്ടെന്നാണ് കണക്ക്. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കു വിവരങ്ങൾ പുറത്തു വന്നത്. അഞ്ചുവർഷംമുമ്പ് (2013-14 സാമ്പത്തിക വർഷത്തിൽ) ഇത് 73.43 കോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷത്തെ കണക്ക് ലഭ്യമായിട്ടില്ല. അതേസമയം, ഈ വർഷം ഇതുവരെ എത്ര തുക ലഭിച്ചിട്ടുണ്ടെന്നുള്ളതിന്റെ കണക്ക് ലഭ്യമായിട്ടില്ല.

കഴിഞ്ഞവർഷം കേരള ലോട്ടറിയിൽ നിന്ന് നേടിയ അറ്റാദായം 1695.5 കോടിരൂപയാണ്. ഏജന്റുമാരുടെ കമ്മീഷനും സമ്മാനവും നൽകി കഴിഞ്ഞതിനു ശേഷമായിരുന്നു ഇത്. അതേസമയം, സംസ്ഥാന ലോട്ടറി ആരംഭിച്ച 1967 -68ലെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ, അറ്റാദായം 2014 - 15 മുതൽ കുതിച്ചുകയറി. അച്ചടിക്കുന്ന ടിക്കറ്റിന്റെ എണ്ണം കൂട്ടിയതും ടിക്കറ്റിന്റെ വില വർദ്ധിപ്പിച്ചതും ഇതിന് പ്രധാന കാരണമായി.