v-muraleedharan

ന്യൂഡൽഹി: പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എം കേന്ദ്രനേതൃത്വമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞ ബി.ജെ.പി നേതാക്കളുടെ പേര് വെളിപ്പെടുത്താൻ വെല്ലുവിളിക്കുകയാണെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ്റായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സി.പി.എമ്മിന്റെ ഡൽഹിയിലുള്ള നേതാക്കൾ കേരളത്തിന്റെ സാഹചര്യമറിയാതെ രാഷ്ട്രീയ താൽപര്യം മാത്രം മുൻനിറുത്തിയാണ് ഈ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു. പ്രകൃതിക്ഷോഭത്തിന്റെ സമയത്ത് ഇത്തരം രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. അത്തരത്തിൽ പ്രസ്താവന നടത്തരുതെന്നാണ് സി.പി.എം നാതാക്കളോട് അഭിയർത്ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമ്മാണം മാത്രം ചർച്ചയാക്കുകയും എന്തുകൊണ്ട് പ്രളയമുണ്ടായി എന്ന കാരണം പരിശോധിക്കാതിരിക്കുകയും ചെയ്തതാണ് ഇത്തവണ ദുരന്തത്തിന് കാരണം. ആ വീഴ്ച മറച്ചുവയ്ക്കാൻ സി.പി.എം ആർ.എസ്.എസിനെയും ബി.ജെ.പിയെയും കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെ"ന്നും അദ്ദേഹം ആരോപിച്ചു.