ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര പിന്തുണ നേടുക എന്നത് പാകിസ്ഥാനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി ഇസ്ലാമികളുൾപ്പെടെയുള്ള കോടിക്കണക്കിന് ജനതയുടെ വാണിജ്യ കേന്ദ്രമാണ് ഇന്ത്യ. അതിനാൽത്തന്നെ കാശ്മീർ വിഷയത്തിൽ ഇവരുടെ പിന്തുണ ഇന്ത്യയ്ക്കിരിക്കുമെന്നും തങ്ങൾ ഒറ്റപ്പെടുമെന്നുമുള്ള ഭയം പാകിസ്ഥാനുണ്ട്.
യു.എൻ രക്ഷാസമിതിയുടെ കനിവാണ് ഇനി പാകിസ്ഥാന് മുന്നിലുള്ള ഏക പോംവഴി. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി രക്ഷാസമിതി അടിയന്തര യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിച്ച് യു.എൻ രക്ഷാസമിതിയ്ക്ക് ഷാ മഹമൂദ് ഖുറേഷി കത്തയച്ചു. ഇന്ത്യ പാകിസ്ഥാനെതിരെ സൈന്യത്തെ ഉപയോഗിച്ചാൽ സ്വയം പ്രതിരോധത്തിൻറെ ഭാഗമായി തങ്ങളും ഉപയോഗിക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ 15അംഗ രക്ഷാസമിതി കൗൺസിൽ പാകിസ്ഥാൻറെ അപേക്ഷയിൽ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം വ്യക്തമല്ല. അതേസമയം പാകിസ്ഥാൻറെ കത്ത് കിട്ടിയിട്ടുണ്ടെന്നും ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും, ഇരു രാജ്യങ്ങളും ചർച്ചചെയ്ത് പരസ്പരം സ്വീകാര്യമായ നടപടി സ്വീകരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രക്ഷാസമിതി അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് വ്യക്തമാക്കി.
വിഷയത്തിൽ ചൈനയുടെ പിന്തുണ തങ്ങൾക്കുണ്ടാകുമെന്ന നേരിയ പ്രതീക്ഷ പാകിസ്ഥാനുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെയും ചൈനയിലെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സഹായം അഭ്യർത്ഥിച്ച പാകിസ്ഥാനോട് യു.എൻ മാർഗനിർദേശങ്ങളും ഷിംല കരാറും അനുസരിച്ച് പാകിസ്ഥാനും ഇന്ത്യയും തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ചൈന പാകിസ്ഥാന് നൽകിയ മറുപടി. അതിനാൽത്തന്നെ ചൈന പാകിസ്ഥാന് പിന്തുണ നൽകുമോയെന്ന കാര്യം കണ്ടറിയണം.
കാശ്മീർ വിഷയത്തിൽ തങ്ങളെ സഹായിക്കണമെന്നും കാശ്മീരികൾ കൊല്ലപ്പെടാൻ സാദ്ധ്യത ഉണ്ടെന്നും, അവർ ഗുരുതരമായ അപകടത്തിലാണെന്നും കാണിച്ച് ഇന്തോനേഷ്യ,യു.കെ, മലേഷ്യ,തുർക്കി, സൗദി ബഹ്‌റൈൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളോട് പാകിസ്ഥാൻ സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇത്തരം അഭ്യർത്ഥനകളൊക്കെ ഒറ്റപ്പെട്ടുപോകുമോയെന്ന ഭയം പാകിസ്ഥാൻറെ ഉറക്കം കെടുത്തുന്നുണ്ടെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.