more-rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനാൽ സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ കെ.സന്തോഷ് അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതൽ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത സീസണിലും ഇതുപോലെ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മലപ്പുറത്തും വയനാട്ടിലും ദുരന്തം വിതച്ച ശേഷം ഒട്ടൊന്നു ശ്രമിച്ച മഴ വീണ്ടും കനക്കുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്
അലർട്ട് പ്രഖ്യാപിച്ചു. ദിവസങ്ങൾക്ക് മുമ്പ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ സ്ഥലങ്ങളിലുൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204 മില്ലി മീറ്ററിലധികം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശൂർ , ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളത്ത് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസർകോട്, കണ്ണൂർ , മലപ്പുറം ജില്ലകളിലും യെലോ അലർട്ട് ഉണ്ടാവും. ആഗസ്റ്റ് 17 വരെ കനത്ത മഴ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.

കോഴിക്കോട്ടും കാസർകോട്ടും മഴ ശക്തിയായി തുടരുകയാണ്. മദ്ധ്യകേരളത്തിലും നല്ല മഴപെയ്യുന്നുണ്ട്. പമ്പയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ടയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കോട്ടയം ജില്ലയിൽ പാലാ ഈരാട്ടുപേട്ട റോഡിൽ വെള്ളംകയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. കേരളത്തിലെ ഏറ്രവും വലിയ ദുരന്തമുഖമായി മാറിയ നിലമ്പൂരിലെ കവളപ്പാറയിൽ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താൻ ഇന്നും തെരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലും ഇന്നുരാവിലെ തെരച്ചിൽ പുനരാരംഭിച്ചു. കവളപ്പാറയിൽ മഴപെയ്യുന്നത് തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

സംസ്ഥാനത്താകെ വെള്ളപ്പൊക്കത്തിലും കാലാവസ്ഥാ ദുരന്തത്തിലുമായി ഇതുവരെ 101പേർ മരിച്ചെന്നാണ് കണക്ക് . എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 95 ആണ്. 60 പേരെ കണ്ടുകിട്ടാനുണ്ട്. 1,218 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,89,567 പേരാണ് കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ 35 മുതൽ 45 വരെ കിലോമീറ്റർ വേഗതയിൽ കാശുവീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.