മലപ്പുറം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. എറണാകുളം, കോട്ടയം,മലപ്പുറം,ഇടുക്കി,കോഴിക്കോട് എന്നീ ജില്ലകളുടെ മലയോര മേഖലയിലും കനത്ത മഴതന്നെയാണ് പെയ്യുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മഴയുടെ ശക്തി കുറഞ്ഞത് കാരണം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ചിലർ വീട്ടിലേക്ക് മടങ്ങിയിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ വീട് പൂർണമായി നഷ്ടപ്പെട്ടതു മുതൽ ഭാഗികമായി തകർന്നതും കൂടാതെ കനത്ത നാശം വിതച്ചവ വരെ നീളുന്നു നിരകൾ. ഇഴജന്തുക്കൾ വരെ വീടിനുള്ളിൽ കേറി താമസം തുടങ്ങിയിട്ടുണ്ട്.
ഈ കാഴ്ചകൾക്കൊക്കെ പുറമെ മറ്റൊരു വീഡിയോ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. മലപ്പുറം തിരൂരിൽ ഒരാഴ്ച മുൻപ് പുതുതായി നിർമിച്ച വീട്ടിൽ മുഴുവനായും വെള്ളം കയറി. വെള്ളം കയറി തുടങ്ങിയതോടെ കുടുംബാംഗങ്ങൾ വീടുവിട്ടു. എന്നാൽ, മഴയുടെ തീവ്രത കുറഞ്ഞതിന് ശേഷം തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വീടിന് നടുവിലൂടെയാണിപ്പോൾ പ്രളയജലം കുത്തിയൊഴുകുന്നത്. പോർച്ചിൽ കിടന്ന പുതിയ കാറും നശിച്ചു.
ക്യാമ്പിൽ അഭയം പ്രാപിച്ചവർ ഇടയ്ക്കൊന്നു വന്നു നോക്കിയപ്പോൾ മറ്റൊരു വീട്ടുനുള്ളിൽ പെരുമ്പാമ്പിനെവരെ കണ്ടിട്ടുണ്ട്. അയനിക്കാട് കുറ്റിയിൽപീടികയ്ക്ക് പടിഞ്ഞാറുഭാഗത്തെ ചാത്തമംഗലം കോളനിയിലെ പുരുഷുവിന്റെ വീട്ടിലാണ് സംഭവം. രണ്ടു മീറ്ററിലേറെ നീളമുള്ള ഈ ഉഗ്രനെ വനം വകുപ്പിന്റെ പാമ്പുപിടിത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് പിടികൂടി പെരുവണ്ണാമൂഴിയിലേക്ക് മാറ്റി.