കോടികൾ മുടക്കി എന്തിന് റോക്കറ്റുകൾ വിക്ഷേപിക്കണം? ഇതുകൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനം? ഇത്തരം ചോദ്യങ്ങൾ നമ്മളിൽ ചിലരെങ്കിലും ചിലപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടാകും. ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാജ്യത്തിന് ശതകോടികൾ മുടക്കി ഇത്തരം റോക്കറ്റുകൾ വിക്ഷേപിക്കുന്നത് കൊണ്ട് എന്താണ് നേട്ടമെന്നൊക്കെ ചോദിക്കുന്നവർക്ക് വ്യക്തമായ മറുപടി നൽകുകയാണ് വി.എസ്.എസ്.സി ഡയറക്‌ടർ എസ്.സോമനാഥ്.
അടുത്തിടെ വിക്ഷേപിച്ച ചന്ദ്രയാൻ-2 എന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയുടെ നേർക്കും ഇത്തരം ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 950 കോടിയായിരുന്നു ചന്ദ്രയാൻ-2വിന്റെ ചെലവ്. എന്തുകൊണ്ട് 950 കോടി മുടക്കി ചന്ദ്രയാൻ നടത്തണം എന്നായിരുന്നു നേരിട്ട വിമർശനം. എന്നാൽ അതിന് മറുപടി പറയാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും സോമനാഥ് വ്യക്തമാക്കുന്നു. കൗമുദി ടിവിയുടെ അഭിമുഖപരിപാടിയായ സ്ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം മനസു തുറന്നത്.
എസ്. സോമനാഥിന്റെ വാക്കുകൾ-
'ആ ചോദ്യം ചോദിക്കപ്പെടേണ്ടതാണ്. നമ്മൾ ഒരു സിസ്‌റ്റത്തെ, അതിന്റെ വാല്യൂവിനെ തിരിച്ചറിയണം. 950 കോടി രൂപ ഈ ഒരു മിഷന് വേണ്ടി നടത്തുമ്പോൾ നമ്മൾ ആലോചിക്കണം ഇന്ത്യയുടെ ഇന്നത്തെ പൊസിഷനെ കുറിച്ച്. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ 1947കൾക്ക് ശേഷം 70 വർഷം കൊണ്ട് ഒരു സാമ്പത്തിക ശക്തിയായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ നാഷണൽ ബഡ്‌ജറ്റ് ഇന്ന് വളരെ വലിയൊരു തുകയാണ്. അതിൽ നിന്ന് ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സ്പേസ് ആക്‌ടിവിറ്റിക്കായി നമ്മൾ ഉപയോഗിക്കുന്നത്. നമുക്കിന്ന് അഫോർഡ് ചെയ്യാൻ കഴിയുന്ന ഒരു തുകയാണത്. മറ്റു മേഖലകളിൽ എന്തെങ്കിലും വരുത്താത്ത രീതിയിൽ തന്നെ.
ഇതുകൊണ്ടൊക്കെ എന്താണ് പ്രയോജനമെന്ന് ചോദിച്ചാൽ, ജനങ്ങൾക്ക് അറിയാത്ത ഒരുപാട് മേഖലകളുണ്ട്. ഐ.എസ്.ആർ.ഒയുടെ പത്ത് ഉപഗ്രഹങ്ങളാണ് ഇന്ന് കമ്മ്യൂണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്നത്. ഒരു ടിവി പ്രോഗ്രാം ബ്രോഡ്കാസ്‌റ്റ് ചെയ്യപ്പെടണമെങ്കിൽ പോലും ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹം വേണം. അതുപോലെ എ.ടി.എം ട്രാൻസാക്ഷനുകൾ. ലക്ഷക്കണക്കിന് എ.ടി.എം ട്രാൻസാക്ഷനുകൾ അപ് ലിങ്ക് ചെയ്യപ്പെടുന്നതെല്ലാം ഈ ഉപഗ്രഹങ്ങൾ വച്ചിട്ടാണ്. ഇന്ത്യയുടെ ഇന്നത്തെ ഷെയമാർക്കറ്റുകളുടെ എല്ലാ എക്‌സ്‌ചേഞ്ചുകളും നടക്കുന്നത് അതുവഴിയാണ്. വീഡിയോ കോൺഫറൻസിംഗുകൾ, കാലാവസ്ഥാ നിരീക്ഷണങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ അതിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഒരു സർവെ നടത്തിയ പ്രകാരം ഐ.എസ്.ആർ.ഒയ്‌ക്ക് വേണ്ടി സർക്കാർ മുടക്കുന്നതിന്റെ അഞ്ച് ശതമാനമാണ് ഐ.എസ്.ആർ.ഒ തിരിച്ചു നൽകുന്നത്'.