കണ്ണടച്ചു തുറക്കുന്നതിനിടയിലാണ് ഫാഷൻലോകത്ത് മാറ്രങ്ങൾ സംഭവിക്കുന്നത്. ചെരുപ്പും പൊട്ടും പാന്റും ചുരിദാറും മുതൽ സേഫ്ടി പിൻ വരെ മാറുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ രൂപപരിണാമം സംഭവിക്കാത്തതായി ഒന്നുമില്ല. എന്നാൽ ആറായിരത്തോളം വർഷങ്ങളായി മാറ്റത്തിന്റെ കാറ്റിൽ കുലുങ്ങാതെ നിന്ന ഒരേ ഒരാൾ നമ്മുടെ സ്വന്തം സാരിയാണ്. ഫാഷൻ റാംപുകളിലെ ഒളിമങ്ങാത്ത സ്ഥാനവും സാരിക്ക് സ്വന്തം. നാല് മുതൽ ഒമ്പത് മീറ്ററോളം നീളുന്ന ഈ വസ്ത്രം നൂറിലേറെ രീതികളിൽ അണിയുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇന്ത്യൻ സ്ത്രീകളുടെ വാഡ്രോബിൽ ഒരുപോലെ സ്ഥാനമുള്ളതും സാരിക്കാണ്.
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടാണ് സാരിയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. സൂചികൊണ്ട് തുളയ്ക്കുകയോ, തുന്നുകയോ ചെയ്ത വസ്ത്രങ്ങൾ ധരിക്കുന്നത് പാപമായാണ് പ്രാചീന ഹിന്ദു വിശ്വാസത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് സിന്ധു നദീതട കാലഘട്ടത്തിലെ പുരോഹിതൻമാരും ക്ഷേത്ര നർത്തകിമാരും മനോഹരമായി നെയ്തെടുത്ത ഈ ഒറ്റവസ്ത്രം തങ്ങളുടെ തൊഴിലിന്റെ ഭാഗമായി തിരഞ്ഞെടുത്തു. അരയിൽ ചുറ്റിയുറപ്പിച്ച്, മനോഹരമായി ഞൊറിഞ്ഞുടുത്ത്, മാറിനെ മറച്ച് ബാക്കിവരുന്ന തുണി (പല്ലു) മത്സ്യകന്യകയുടെ വാലുപോലെ മനോഹരമായി പിന്നിലേക്ക് തൂക്കിയിട്ട് അവർ സാരിയുടുക്കലിനെ ഒരു കലാരൂപമായി വളർത്തിയെടുത്തു.
ആദ്യകാലത്ത് അരയ്ക്ക് താഴെയായി അന്തരീയയും മുകളിലായി ഉത്തരീയവും ശിരസ് മറച്ചുകൊണ്ട് സ്ഥാനപദയുമാണ് അണിഞ്ഞിരുന്നത്. ഈ വേഷമാണ് പിന്നീട് സാരിയായി മാറിയതെന്നും പറയുന്നുണ്ട്. ബ്രിട്ടീഷുകാരുടെയോ അറബികളുടെയോ കടന്നുവരവോടെയാകണം സാരിക്കൊപ്പം ബ്ലൗസോ കച്ചയോ ധരിക്കാൻ തുടങ്ങിയത്. കോട്ടൺ തുണിയാണ് ആദ്യം സാരിക്കായി ഉപയോഗിച്ചത്. അതിലേക്ക് കടുംനിറങ്ങളിലുള്ള ഡൈ ചെയ്യുകയായിരുന്നു. പിന്നീട് സിൽക്ക് നെയ്തെടുക്കാൻ ആരംഭിച്ചു. സാരി ധരിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തിൽ വിവിധ ശൈലികളുണ്ടായി. സാരിയിൽ നടത്തുന്ന അത്രയും പരീക്ഷണങ്ങൾ സാരിക്കൊപ്പം കൂട്ടിച്ചേർക്കാൻ പറ്റുന്ന വസ്ത്രങ്ങളിലും നടക്കുന്നുണ്ട്. സാരി അത്ര ചെറിയ സംഭവമല്ലെന്ന് ഇപ്പോൾ മനസിലായില്ലേ. എന്തായാലും അടുത്ത പാർട്ടിക്ക് ധരിക്കാൻ പറ്റിയ വ്യത്യസ്ത സാരി സ്റ്റൈലുകൾ നോക്കിവയ്ക്കാൻ ഒട്ടും മടിക്കേണ്ട
ചില പുത്തൻ ട്രെൻഡുകൾ
സ്ലീവ്ലെസും നെക്കുംസാരിയുമായി കൂട്ട് കൂടാനൊരുങ്ങുന്ന തുടക്കക്കാർക്ക് ആശ്വാസമാണ് സ്ലീവിലും നെക്കിലും വന്നിട്ടുള്ള രൂപാന്തരങ്ങൾ. ടീഷർട്ടോ, സ്റ്റൈലൻ ടോപ്പുകളോ എന്തും സാരിക്കൊപ്പം മാച്ച് ചെയ്യാം. നല്ലൊരു ഒഫ് ഷോൾഡർ ടീഷർട്ട് എടുത്ത് കൈവെട്ടിയ ശേഷം വിന്റേജ് നെറ്റ് കൊണ്ട് റഫ്ൾഡ് സ്ലീവ്സ് അല്ലെങ്കിൽ ബെൽ സ്ലീവ് തുന്നിച്ചേർക്കൂ. നിറമോ, സ്റ്റൈലോ, ഒന്നും നോക്കാതെ ഏതെങ്കിലും ഒരു സാരിയെടുത്ത് തലപ്പ് ഞൊറിയാൻ നിൽക്കാതെ വെറുതെ ഒരുവശത്തുകൂടി മുന്നിലേക്കിട്ട് കളർ ചെയ്ത മുടിയുമായി പോകൂ. ലെറ്റ്യൂസ്, ടർട്ടിൽ തുടങ്ങിയ നെക്കുകൾക്കൊപ്പം റഫ്ൾഡ്, ബെൽ, പഫ്, പെറ്റൽ, ബോക്സ് പ്ലീറ്റഡ് തുടങ്ങിയ സ്ലീവ് സ്റ്റൈലുകൾ പരീക്ഷിക്കാം. അതുമല്ലെങ്കിൽ ഫാഷൻ രംഗത്തെ പുതിയ താരം പെപ്ലം ടോപ്പിനൊപ്പവും സാരിയാകാം. സാരിയുടുക്കൽ നിർബന്ധമായ ചടങ്ങ് അടുത്തുവരുന്നുണ്ടോ? പുതിയ ലക്കം വോഗിൽ മുങ്ങിത്തപ്പാതെ പതിനാറാം നൂറ്റാണ്ടിലെ ഫാഷൻ വാരികകളുടെ ഇമേജോ പെയിന്റിംഗുകളോ റഫറൻസാക്കി നിങ്ങളുടേതു മാത്രമായ ഷിക് ലുക് സൃഷ്ടിച്ചെടുക്കൂ.
ജാക്കറ്റിനൊപ്പം സാരിഭംഗിയായി പ്ലീറ്റ് ചെയ്ത് ഉറപ്പിച്ച സാരിക്കു മുകളിൽ എത്നിക് സ്റ്റൈലിലോ ഫ്യൂഷൻ സ്റ്റൈലിലോ ഉള്ള ഒരു വലിയ ഓവർക്കോട്ടോ, ജാക്കെറ്റോ ധരിച്ചു നോക്കൂ. തിരക്കേറിയ ഒരു ഓഫീസ് മീറ്റിംഗിൽ നിന്ന് നേരെ പാർട്ടിയിലേക്ക് കയറാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണിത്. എത്നിക് പ്രിന്റുകളോ, പരമ്പരാഗത എംബ്രോയിഡറി വർക്കോ ഉള്ള തുണികളുടെ കോട്ടോ, ജാക്കറ്റോ ആണ് നല്ലത്. എങ്കിലും പാർട്ടിയുടെ സ്വഭാവം അനുസരിച്ച് ക്രിസ്റ്റലോ, സീക്വിൻസോ പോലത്തെ ബ്ളിംഗ് സ്വഭാവവും കൂട്ടിച്ചേർക്കാവുന്നതാണ്. അല്പം ക്രിസ്പ് സ്വഭാവമുള്ള എത്നിക് സാരികളോ, പട്ടുസാരികളോ ആണ് ഈ സ്റ്റൈലിന് ഏറ്റവും അനുയോജ്യം. പ്ലീറ്റ് ചെയ്ത സാരിക്കു മുകളിൽ ലെതർ കൊണ്ടോ, മെറ്റൽ കൊണ്ടോ ഉള്ള ബെൽറ്റു കൂടിയാകാം. പാർട്ടിക്കു മാത്രമായി ഈ സ്റ്റൈലിനെ മാറ്റിനിറുത്തേണ്ടതില്ല. സാരിയുടെയും ഓവർക്കോട്ടിന്റെയും സ്റ്റൈലും ടെക്സ്ചറും മാറ്റിപ്പിടിച്ചാൽ ഏതു പ്രായക്കാർക്കും ഏതവസരത്തിനും പറ്റിയ ഉഗ്രൻ ലുക്കുകൾ ഈ സ്റ്റൈലിൽ ഉണ്ടാക്കിയെടുക്കാം. ഡെനിം കൊണ്ടുള്ള ജാക്കറ്റും പ്ലെയിൻ സാരിയും സിൽവർ ആഭരണങ്ങളുമായി ഇന്തോ-വെസ്റ്റ് ലുക്ക്, മുത്തും കക്കകളും പിടിപ്പിച്ച കോട്ടും കളർഫുൾ ആഭരണങ്ങളും ലിനൻ സാരിയും ഏവിയേറ്ററുമായി ബോഹോ ലുക്ക്. എന്തായാലും സാരിയുടെ സാദ്ധ്യതകൾ കടൽ പോലെയാണ്.
അൽപം ട്രഡീഷണൽട്രഡീഷണൽ ലുക്കിനകത്ത് നിന്നുകൊണ്ട് വ്യത്യസ്തയാകണം എന്നാണോ? മെറ്റാലിക് നിറമുള്ള സാരിയും ഹൈ നെക്കുള്ള ഹെവി എംബെലിഷ്ഡ് ബ്ലൗസും പരീക്ഷിക്കൂ. ഗോൾഡ്, കോപ്പർ, ആന്റിക്, റോസ് ഗോൾഡ് തുടങ്ങിയ മെറ്റാലിക് ഷേഡുകളിൽ ഒറ്റനിറമുള്ള സാരിക്കൊപ്പം, മെറൂൺ, കടുംപച്ച, മിഡ്നൈറ്റ് ബ്ലൂ, കോഫീ ബ്രൗൺ, കടും പർപ്പിൾ തുടങ്ങിയ കോൺട്രാസ്റ്റ് നിറങ്ങളിൽ സർദോസിയും കല്ലും പിടിപ്പിച്ച് റോ സിൽക് ബ്ലൗസ് എങ്ങനെയിരിക്കും. പേസ്റ്റൽ ഷേഡ് പ്രേമിയാണോ? സിൽവർ ജറികളിൽ മനോഹരമായ ലൈറ്റ് വെയ്റ്റ് പട്ടുസാരികൾ ഇറങ്ങുന്നുണ്ട്. അക്വാ, മിന്റ്, പീച്ച്, ലാവൻഡർ... മനസിലുള്ള ഏത് പേസ്റ്റൽ ഷേഡിലും ബ്ലൗസുകൾ ഒരുക്കി കണ്ടംപററി ട്രഡീഷണൽ ലുക്ക് കൈവരിക്കാം.