auto

ന്യൂഡൽഹി: ആഭ്യന്തര വാഹന വിൽപന 18.71 ശതമാനം ഇടിഞ്ഞത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ കനത്ത ആഘാതം സൃഷ്‌ടിക്കുമെന്ന് വിദഗ്‌ദ്ധർ. കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്‌ചയാണിത്. തുടർച്ചയായ ഒമ്പതാം മാസമാണ് വില്‌പന ഇടിയുന്നത്. വാഹന രംഗത്ത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റ് മേഖലകളിലും തൊഴിൽ നഷ്‌ടത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇത് വഴിവയ്‌ക്കുമെന്നാണ് മുന്നറിയിപ്പ്. വിൽപന നഷ്‌ടം മൂലം വാഹന നിർമ്മാണ - വിൽപന രംഗത്തെ 2.30 ലക്ഷത്തോളം പേർക്കാണ് ജോലി നഷ്‌ടമായതെന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ (സിയാം) കണക്കുകൾ സൂചിപ്പിക്കുന്നു. ഇനിയും ഈ പ്രവണത തുടർന്നാൽ കുറഞ്ഞത് 10 ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്‌ടമാകുമെന്നും ഇത് വൻ ദുരന്തത്തിലേക്ക് വഴിതുറക്കുമെന്നുമാണ് മുന്നറിയിപ്പ്.

സിയാമിന്റെ കണക്കുപ്രകാരം ജൂലായിൽ പുതുതായി 18.25 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയത്. 2018 ജൂലായിൽ വിൽപന 22.45 ലക്ഷം യൂണിറ്റുകൾ ആയിരുന്നു. 2000 ഡിസംബറിലെ 21.81 ശതമാനം ഇടിവിന് ശേഷം ആഭ്യന്തര വാഹന വിപണി കുറിക്കുന്ന ഏറ്റവും ഉയർന്ന നഷ്‌ടമാണിത്. പാസഞ്ചർ വാഹന വിൽപന കഴിഞ്ഞമാസം 30.98 ശതമാനം ഇടിഞ്ഞ് രണ്ടുലക്ഷം യൂണിറ്റുകളിൽ ഒതുങ്ങി. ഇതും 19 വർഷത്തെ കുറഞ്ഞ വിൽപനയാണ്. 2018 ജൂലായിൽ 2.90 ലക്ഷം പുതിയ പാസഞ്ചർ വാഹനങ്ങൾ ഇന്ത്യക്കാർ വാങ്ങിയിരുന്നു. 35.22 ശതമാനമായിരുന്നു 2000 ഡിസംബറിൽ വിൽപനയിടിവ്. കാർ വിൽപന മാത്രം കഴിഞ്ഞമാസം 35.95 ശതമാനം കൂപ്പുകുത്തി. 1.22 ലക്ഷം കാറുകൾ ജൂലായിൽ വിറ്റഴിഞ്ഞു. കഴിഞ്ഞവർഷം ജൂലായിൽ വിൽപന 1.91 ലക്ഷമായിരുന്നു.

മോട്ടോർസൈക്കിൾ വിൽപന 11.51 ലക്ഷം യൂണിറ്റുകളിൽ നിന്ന് 18.88 ശതമാനം താഴ്‌ന്ന് 9.33 ലക്ഷം യൂണിറ്റുകളിലെത്തി. മൊത്തം ടൂവീലർ വിൽപന 18.17 ലക്ഷം യൂണിറ്റുകളിൽ നിന്ന് 15.11 ലക്ഷമായും കുറഞ്ഞു; ഇടിവ് 16.82 ശതമാനം. വാണിജ്യ വാഹന വിൽപന 76,​545 യൂണിറ്റുകളിൽ നിന്ന് 56,​866 യൂണിറ്റുകളിലേക്കും കുറഞ്ഞു. നഷ്‌ടം 25.71 ശതമാനം.

ഇന്ത്യൻ ജി.ഡി.പിയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ് വിഭാഗത്തിൽ പകുതിയോളം സംഭാവന ചെയ്യുന്നത് വാഹന നിർമ്മാണ മേഖലയാണ്. തുടർച്ചയായുള്ള വാഹന വില്‌പന നഷ്‌ടം ഉത്‌പാദനത്തെയും തളർത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി-മാർച്ചിൽ ഇന്ത്യൻ ജി.ഡി.പി അഞ്ചുവർഷത്തെ തളർച്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. നടപ്പുവർഷവും ജി.ഡി.പി തളരുമെന്ന സൂചനയാണ് വാഹന വിപണി നൽകുന്നത്. ഏതാണ്ട് 3.5 കോടിയോളം പേർ വാഹന രംഗവുമായി ബന്ധപ്പെട്ട മേഖലകളിൽ നേരിട്ടോ അല്ലാതെയോ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 10 ലക്ഷം പേർക്ക് ജോലി നഷ്‌ടുപ്പെട്ടാൽ അത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല.

അതേസമയം, രാജ്യം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കുതിക്കുമ്പോൾ ശക്തമായ നടപടിയെടുക്കേണ്ട കേന്ദ്രസർക്കാർ, കാശ്‌മീർ പോലുള്ള വൈകാരികമായ വിഷയങ്ങളിലേക്ക് അനാവശ്യ ശ്രദ്ധ കൊടുക്കുന്നുവെന്ന ആക്ഷേപം വ്യാവസായിക ലോകത്ത് ശക്തമാണ്. ചെറിയ മരുന്നുകൾ നൽകിയിട്ട് കാര്യമില്ലെന്നും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാൻ വൻ പാക്കേജുകൾ പ്രഖ്യാപിച്ചുകൊണ്ട് മേജർ ഓപ്പറേഷൻ നടത്തുകയാണ് വേണ്ടതെന്നും ഇക്കൂട്ടർ പറയുന്നു. രാജ്യതാത്പര്യം സംരക്ഷിക്കാനാണ് കാശ്‌മീർ വിഷയത്തിൽ ഇത്രയും ഇടപെടലുകൾ നടത്തുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ പുതിയ തൊഴിലുകൾ സൃഷ്‌ടിക്കുന്നതും ഉള്ളതിനെ തകരാതെ സൂക്ഷിക്കുന്നതും രാജ്യതാത്പര്യമല്ലേയെന്നും വ്യവസായ ലോകം ചോദിക്കുന്നു. എന്നാൽ സർക്കാരിന് മുന്നിൽ ഇനിയും സമയം വൈകിയിട്ടില്ലെന്നും വിപണിയെ കരകയറ്റാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഇക്കൂട്ടർ വ്യക്തമാക്കി.