ശ്രീനഗർ: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെ, വിപുലമാക്കിയ ജമ്മു കാശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ജമ്മു കാശ്മീർ പുനഃസംഘടനാ നിയമം 2019 പ്രകാരം കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്മീരിന്റെ നിയമസഭയുടെ അംഗസംഖ്യ 114 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള നിയമസഭയിൽ ലഡാക്കിലെ നാല് സീറ്റ് ഉൾപ്പെടെ 111അംഗങ്ങളാണുണ്ടായിരുന്നത്. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായതോടെ ആ നാല് സീറ്റുകൾ ഒഴിവായി അംഗബലം 107 ആയി കുറയും. എങ്കിലും മൊത്തം അംഗബലം 114 ആയി വർദ്ധിപ്പിക്കുകയായിരുന്നു. ഏഴ് അസംബ്ലി മണ്ഡലങ്ങൾ പുതുതായി സൃഷ്ടിക്കണം. അതിനായി നിലവിലുള്ള മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കണം. പുതിയ സീറ്റുകൾ ജമ്മു കാശ്മീരിന്റെ ഏതൊക്കെ ഭാഗങ്ങളിലായിരിക്കും എന്നും തീരുമാനിക്കണം.
2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കും മണ്ഡലങ്ങൾ പുനർ നിർണയിക്കുന്നത്. മൊത്തം ജനസംഖ്യയെ 114 കൊണ്ട് ഹരിച്ച് ഒരു അസംബ്ലി മണ്ഡലത്തിലെ ശരാശരി ജനസംഖ്യ തീരുമാനിക്കും. എല്ലാ മണ്ഡലങ്ങളിലെയും ജനസംഖ്യ ഏകദേശം തുല്യമാക്കാനാണിത്. ഭൂമിശാസ്ത്രപരമായും മറ്റ് കാരണങ്ങളാലും ഇതിൽ പത്ത് ശതമാനം കൂടുതലോ കുറവോ അനുവദനീയമാണ്. ശരാശരി ജനസംഖ്യ ഉൾപ്പെടുന്ന പ്രദേശങ്ങൾ രേഖപ്പെടുത്തി 114 മണ്ഡലങ്ങളും തീരുമാനിക്കും. നിലവിലുള്ള ആറ് ലോക്സഭാ മണ്ഡലങ്ങളുടെയും അതിർത്തി പുനർനിർണയിക്കേണ്ടിവരും. പട്ടിക ജാതി, പട്ടിക വർഗ ജനസംഖ്യയ്ക്ക് ആനുപാതികമായി ലോക്സഭയിലേക്കും നിയമ സഭയിലേക്കും സംവരണ മണ്ഡലങ്ങളും നിർണയിക്കണം. ഗുജ്ജർ - ബക്കർവാൾ സമുദായങ്ങളാണ് ജമ്മുകാശ്മീരിലെ പ്രധാന പട്ടികവിഭാഗം. ഇന്ത്യാ വിഭജന കാലത്ത് പലായനം ചെയ്ത വലിയൊരു ജനസമൂഹം ജമ്മുവിൽ സ്ഥിരതാമസക്കാരായുണ്ട്. ഇന്ന് അവരുടെ പിൻമുറക്കാരായി ഏകദേശം എട്ട് ലക്ഷം പേരുണ്ട്. വോട്ടവകാശം ഇല്ലാത്ത അവരെയും മണ്ഡല നിർണയത്തിൽ പരിഗണിക്കുമോ എന്ന് വ്യക്തമായിട്ടില്ല
അധിനിവേശ കാശ്മീരിന് 24 സീറ്റ്
നിലവിലുള്ള നിയമസഭയിൽ 24 സീറ്റുകൾ പാക് അധിനിവേശ കാശ്മീരിന് വേണ്ടി മാറ്റി വച്ചിരുന്നു. ഈ സീറ്റുകൾ ഒഴിഞ്ഞു തന്നെ കിടക്കും. വോട്ടെടുപ്പിനും മറ്റും അംഗബലം നിശ്ചയിക്കാൻ ഈ സീറ്റുകൾ കണക്കാക്കില്ല. പുനഃസംഘടനയിലും അധിനിവേശ കാശ്മീരിന് 24 സീറ്റുകൾ തന്നെ നീക്കിവച്ചിട്ടുണ്ട്.