കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ കണ്ണൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റുമായ പി. രാമകൃഷ്ണൻ (77) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11.30ന് പയ്യാമ്പലത്ത്.
1942 ആഗസ്റ്റ് 2ന് അഴീക്കോട്ടെ അദ്ധ്യാപക ദമ്പതികളായ ആർ. കുഞ്ഞിരാമന്റെയും പി. മാധവിയുടെയും മകനായാണ് ജനനം.
1958ലെ വിദ്യാർത്ഥി സമരത്തിലും 59 ൽ വിമോചന സമരത്തിലും പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചു. 1967 ൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായി. 69ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. 1971 ൽ ഡി.സി.സി സെക്രട്ടറിയായി. 1978 ൽ കോൺഗ്രസ് പിളർന്നപ്പോൾ എ.കെ. ആന്റണിക്കൊപ്പം നിന്നു. 86 ൽ കോൺഗ്രസ് -ഐയിൽ തിരിച്ചെത്തി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായി. 87 ൽ ഡി.സി.സി (ഐ) വൈസ് പ്രസിഡന്റായി. 2009 മുതൽ നാലര വർഷക്കാലം ഡി.സി.സി പ്രസിഡന്റായിരുന്നു.
ഭാര്യ: ഷൈമലത. മക്കൾ: ദിവ്യ, ദീപ, ദീപക് കൃഷ്ണ. മരുമക്കൾ: ശ്രീകുമാർ (അക്കൗണ്ട്സ് വിഭാഗം, ടൈംസ് ഒഫ് ഇന്ത്യ, ന്യൂഡൽഹി), ഷാജി (ഗൾഫ്),ശ്രുതി. സഹോദരങ്ങൾ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എം.എൽ.എയുമായിരുന്ന പരേതനായ പി.ഗോപാലൻ, പരേതരായ പി. ജനാർദ്ദനൻ, പി. ഗോവിന്ദൻ, പി. അച്യുതൻ.