jai-sankar-narendra-modi

ബീജിംഗ്: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ബീജിംഗിൽ നടത്തിയ സന്ദർശനമാണ് അന്ന് ചൈനീസ് അംബാസിഡറായിരുന്ന എസ്.ജയ്‌ശങ്കറിനെ പിന്നീട് ഇന്ത്യയുടെ വിദേശകാര്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. കാരണം മോദിയുടെ ആ സന്ദർശനം വിജയകരമാക്കുന്നതിൽ ജയ്‌ശങ്കർ വഹിച്ച പങ്ക് അത്രത്തോളം വലുതായിരുന്നു. അതേ നയതന്ത്രജ്ഞത തന്നെയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യ-ചൈന ഉച്ചകോടിയിൽ ജയ്‌ശങ്കർ പുറത്തെടുത്തതും.

ജമ്മു കാശ്മീരിന് പ്രത്യേക പദവി പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തിൽ ചൈനയ്ക്കുളള അതൃപ്‌തി സന്ദർശനത്തിന്റെ മറ്റ് ഉദ്ദേശ്യങ്ങളെ പ്രതികൂലമായി ബാധിക്കാതെ നോക്കുന്നതിൽ ജയ്ശങ്കർ വിജയിച്ചു. അതേസമയം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത് ആഭ്യന്തര കാര്യമാണെന്ന ഇന്ത്യയുടെ നിലപാടിനോട് ചൈന അയഞ്ഞിട്ടില്ല. ഇന്ത്യയുടേത് ഏകപക്ഷീയവും തിരക്കിട്ടുള്ളതുമായ തീരുമാനമായിട്ടാണു ചൈന വിലയിരുത്തുന്നത്. 'ഇന്ത്യയുടെ ഔന്നത്യത്തിനു ചേർന്ന നടപടിയല്ല' കാശ്‌മീർ തീരുമാനമെന്നാണ് ചൈനയുടെ പ്രതികരണം. അതുകൊണ്ടുതന്നെ ഒക്ടോബറിലെ ഇന്ത്യ– ചൈന അനൗപചാരിക ഉച്ചകോടിയുടെ വിജയമാണ് ഇനി ജയ്ശങ്കറിനു മുന്നിലുള്ള ലക്ഷ്യം.