പ്രജീഷും ചന്ദ്രകലയും സ്തബ്ധരായി. അവരുടെ തൊണ്ടക്കുഴിയിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു പുളഞ്ഞു.
ആ ശബ്ദം ഒരു കുരുക്കാണു വിരിച്ചിരിക്കുന്നത്. ഹോമകുണ്ഠം ഇരിക്കുന്ന ഭാഗത്തെ മണ്ണു നീക്കിയാൽ തങ്ങൾ കുടുങ്ങും!
എന്നാൽ അടുത്ത നിമിഷം ചുങ്കത്തറ വേലായുധപ്പണിക്കർ ചാടിയെഴുന്നേറ്റു.
പേടിയോടെ അയാൾ നാലു ദിക്കിലേക്കും നോക്കി.
എട്ടുകെട്ടായ കോവിലകം ആയതിനാൽ എവിടെ നിന്നാണു ശബ്ദം വന്നതെന്ന് തിരിച്ചറിയുക വയ്യ.
എല്ലായിടത്തും ഒരേപോലെ പ്രതിധ്വനിക്കുകയാണ്.
പരുന്ത് റഷീദും വല്ലാതെ ഭയന്നുപോയിരുന്നു.
വേലായുധപ്പണിക്കരുടെ കണ്ണുകൾ ഹോമകുണ്ഡം ഒരുക്കിയിരിക്കുന്ന തറയ്ക്കു നേരെ നീണ്ടു.
''എന്താടോ.... അവിടം കുഴിച്ച് എന്താണെന്ന് കാണണ്ടേ? എങ്കിലേ തനിക്ക് മനസിലാകൂ ഞാൻ ആരാണെന്ന്. എന്റെ ശക്തി എന്താണെന്ന്."
വീണ്ടും ആ ശബ്ദം കേട്ടു.
പണിക്കരുടെ കയ്യിൽ നിന്ന് വെള്ളികെട്ടിയ ചൂരൽവടി വിറച്ചു നിലത്തുവീണു.
ഞൊടിയിടയിൽ അയാൾ കയ്യിൽ കിട്ടിയ തന്റെ പൂജാ ഉപകരണങ്ങൾ എടുത്ത് ബാഗിൽ തിരുകി. ശേഷം പരുന്ത് റഷീദിനു നേരെ തിരിഞ്ഞു.
''എന്നെ എത്രയും വേഗം വീട്ടിൽ കൊണ്ടുവിട് റഷീദേ... എനിക്കിവിടെ ഹോമവും വേണ്ടാ ഉച്ചാടനവും വേണ്ടാ..."
''പണിക്കരേ..."
പ്രജീഷ് എന്തോ പറയുവാൻ ഭാവിച്ചു.
''ഇല്ല. ഈ പ്രേതത്തെ തളയ്ക്കാൻ എനിക്കാവില്ല. കലിമൂത്ത് സർവ്വശക്തിയും ആവാഹിച്ചു നിൽക്കുകയാ അവള്. എന്റെ ഭാര്യയ്ക്കും പിള്ളേർക്കും ഞാൻ മാത്രമേയുള്ളൂ.
പണിക്കർ പുറത്തേക്കോടി.
അതിനിടെ നിലതെറ്റി ഉൾവരാന്തയിൽ മുഖമടിച്ചു വീണു.
അവിടെനിന്നു ചാടിപ്പിടിച്ച് എഴുന്നേൽക്കുന്നതിനിടയിൽ പണിക്കരുടെ മൂക്കിൽ രക്തത്തുള്ളികൾ.
പണിക്കർക്കു പിന്നാലെ പരുന്തും ഓടി.
വാതിൽ കടക്കും മുൻപ് പണിക്കർ ഇത്രയുംകൂടി വിളിച്ചു പറഞ്ഞു.
''നിങ്ങൾക്ക് രക്ഷപെടണമെന്നുണ്ടെങ്കിൽ വേഗം വേണം. അല്ലെങ്കിൽ അവൾ നിങ്ങളെ കൊല്ലും. മുച്ചൂടും മുടിക്കും. "
ചന്ദ്രകലയ്ക്കോ പ്രജീഷിനോ ചലിക്കാൻ പോലും കഴിഞ്ഞില്ല. പ്രതിമകളായിക്കഴിഞ്ഞിരുന്നു അവർ.
പുറത്ത് അംബാസിഡർ കാർ സ്റ്റാർട്ടു ചെയ്യുന്ന ശബ്ദം കേട്ടു.
അടുത്ത സെക്കന്റിൽ ഉള്ളുകിടുക്കുന്ന ഒരു പൊട്ടിച്ചിരി കോവിലകത്തെ പിടിച്ചുകുലുക്കി.
വിവശയായി ചന്ദ്രകല പ്രജീഷിന്റെ കയ്യിൽ അള്ളിപ്പിടിച്ചു.
''നമ്മളിനി എന്തുചെയ്യും പ്രജീഷ്?"
അയാൾക്കും അതിനുള്ള ഉത്തരമില്ലായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു.
എത്രയും വേഗം കോവിലകം വിറ്റിട്ട് നാടുവിടണം എന്നു തീരുമാനിച്ചു പ്രജീഷും ചന്ദ്രകലയും.
അതിനായി പലതവണ അവർ എം.എൽ.എ ശ്രീനിവാസ കിടാവിനെ ഫോണിൽ വിളിച്ചു.
''ഒരു രണ്ട് ദിവസം കൂടി നിങ്ങള് ക്ഷമിക്ക്."
കിടാവിന്റെ മറുപടി അവർക്ക് ആശ്വാസം പകർന്നു.
പിറ്റേന്ന് മീഡിയകളിൽ പ്രധാനപ്പെട്ട ഒരു ന്യൂസ് വന്നു.
കിടാവിന്റെ മകൻ സുരേഷിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി ഡെൽഹിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചു!
അതൊരു കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു.
മീഡിയക്കാർ കിടാവിനെയും മകനെയും ഇന്റർവ്യൂ ചെയ്തു.
അവർക്കു മുന്നിൽ ഇരുവരും ധൈര്യത്തോടെ ഇരുന്നു.
''എന്റെ പേരിൽ ഉണ്ടായത് വ്യാജ പരാതിയാണെന്ന് അന്നേ ഞാൻ പറഞ്ഞതാ. പക്ഷേ നിങ്ങൾ വിശ്വസിച്ചില്ല. എന്റെ അച്ഛന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്താനായിരുന്നു നിങ്ങൾക്ക് താൽപ്പര്യം."
സുരേഷ് കിടാവ് തുറന്നടിച്ചു.
ശ്രീനിവാസ കിടാവിനും ഉണ്ടായിരുന്നു പറയുവാൻ.
''എന്റെ മകൻ ഡി.എൻ.എ ടെസ്റ്റിന് ഇന്നലെ ഡെൽഹിയിൽ എത്തിയതാണ്. പക്ഷേ അതു നടന്നാൽ കള്ളി വെളിച്ചത്താകുമെന്ന് കണ്ടിട്ടാവണം അവൾ സൂയിസൈഡു ചെയ്തത്."
ഇന്റർവ്യൂ നീണ്ടുപോയി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബലഭദ്രൻ തമ്പുരാന് നേരിയ മാറ്റമുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു.
ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
പക്ഷേ ഓർമ്മശക്തി തിരിച്ചുകിട്ടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല....
ചുങ്കത്തറ.
സുരേഷ്കിടാവിന്റെ വീട്.
ശ്രീനിവാസ കിടാവ് അവിടെയെത്തി. അച്ഛനെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു സുരേഷ്.
നിലമ്പൂർ ഹോസ്പിറ്റലിന് അരുകിൽ വച്ചു കുത്തേറ്റ ശേഖരകിടാവ് വീട്ടിൽ പൂർണ്ണ വിശ്രമത്തിലാണ്.
കസേരയിൽ ഇരുന്നിട്ട് എം.എൽ.എ, മകന്റെ നേർക്കു കണ്ണയച്ചു.
''നിന്റെ കുത്തഴിഞ്ഞ ജീവിതം ഇതോടെ അവസാനിപ്പിച്ചേക്കണം. നമ്മളാണ് അവളെ കൊല്ലിച്ചതെന്ന് ഡെൽഹി പോലീസ് ഒരിക്കലും കണ്ടെത്താൻ പോകുന്നില്ല. പക്ഷേ ഇനി നീ ഒരു കേസിൽ പെട്ടാൽ അതോടെ എല്ലാം തകിടം മറിയും. അറിയാമല്ലോ.. ദുബായ് കമ്പനിക്ക് എത്ര കോടിയാ കൊടുക്കേണ്ടിവന്നതെന്ന്. അതുകൊണ്ട്.."
കിടാവ് ബാക്കി പറയുന്നതു കേൾക്കാൻ സുരേഷ് കാതോർത്തു.
(തുടരും)