മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം ചെയ്യാനായി നമസ്‌ക്കാരം നടക്കുന്ന ഹാളും അംഗശുദ്ധി വരുത്തുന്ന സ്ഥലവും വിട്ടുനൽകി പോത്തുകല്ല് മഹല്ല് കമ്മിറ്റി. ഇവിടെ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കാൻ സാങ്കേതിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് മഹല്ല് കമ്മിറ്റി ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്.
സ്ഥലത്ത് നിന്നും ഇതിനോടകം തന്നെ മുപ്പതോളം മൃതദേഹങ്ങൾ പുറത്തെടുത്തതായാണ് കണക്കുകൾ. എന്നാൽ പുറത്തെടുക്കുന്ന മൃതദേഹങ്ങളിൽ പലതും അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്‌റ്റ്മോർട്ടം നടത്തുന്നതിൽ ചില തടസങ്ങൾ നേരിട്ടിരുന്നു. തുടർന്ന് പോസ്‌റ്റ്മോർട്ടം നടത്താൻ പറ്റിയ സ്ഥലം അന്വേഷിച്ചപ്പോഴാണ് ഇതിന് തയ്യാറായി പോത്തുകല്ല് മഹല്ല് ജമാഅത്ത് രംഗത്തുവരുന്നത്. മദ്രസയിൽ ഉപയോഗിക്കുന്ന ബെഞ്ചും ഡെസ്‌ക്കുകളും മയ്യത്ത് കഴുകാൻ ഉപയോഗിക്കുന്ന കട്ടിലുമെല്ലാം ജമാഅത്ത് കമ്മിറ്റി എത്തിച്ചുനൽകിയെന്നും ഇവിടെ പോസ്‌റ്റ്മോർട്ടം നടത്തിയ ഡോക്‌ടർമാർ പറയുന്നു. തിരിച്ചറിയുന്ന മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ പോസ്‌റ്റ്മോർട്ടം ചെയ്യുന്നത്. ബാക്കിയുള്ളവ ജില്ലാ ആശുപത്രിയുടെ ഫ്രീസർ സംവിധാനത്തിൽ സൂക്ഷിക്കും.
അതേസമയം, പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരുകയാണ്. രാവിലെ മഴയെ തുടർന്ന് കുറച്ച് നേരം തെരച്ചിൽ നിറുത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. കുടുങ്ങിയവർക്കായി സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. സെൻസറുകളുടെ സഹായത്തോടെ സ്ഥാനനിർണയം നടത്തിക്കൊണ്ടുള്ള തെരച്ചിലാണ് സോണാർ സാങ്കേതിക വിദ്യയിലൂടെ പ്രയോജനപ്പെടുത്തുക. ഇതിനുവേണ്ടിയുള്ള തയാറെടുപ്പ് തുടങ്ങി എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഥാനനിർണയം നടത്തിയുള്ള തെരച്ചിലാണ് ഇനി ഫലപ്രദമെന്നാണ് വിലയിരുത്തൽ. ഇതിനായി സ്കെച്ചും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ മണ്ണുമാന്ത്രി യന്ത്രങ്ങൾക്ക് ഇവിടേക്ക് എത്താനുള്ള അസൗകര്യം തെരച്ചിലിന് തടസമാകുന്നുണ്ട്.