റാവൽപ്പിണ്ടി: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. കാശ്‌മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാൻ തന്റെ രാജ്യത്തെ ജനങ്ങൾ തയ്യാറാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ താൻ ഒരിക്കലും ഇന്ത്യയ്‌ക്കെതിരല്ലെന്നും ഇന്ത്യ ഭരിക്കുന്ന നേതാക്കളുടെ ആശയങ്ങളെയാണ് എതിർക്കുന്നതെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
കാശ്‌മീരിലെ ജനങ്ങളെ ബന്ധിയാക്കി ഇന്ത്യൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ പാകിസ്ഥാന് അതിയായ ദുഖമുണ്ട്. കാശ്‌മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെല്ലാം റദ്ദുചെയ്‌തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ‌്തിരിക്കുന്ന മണ്ടത്തരം കാരണം ഇന്ത്യയ്‌ക്ക് ഏറെ വിലകൊടുക്കേണ്ടി വരും. കാശ്‌മീർ ഇതുവരെ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിലുടക്കിയിരുന്നില്ല. എന്നാൽ ഇനി കാശ്‌മീർ പ്രശ്‌നം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാകിസ്ഥാൻ അവതരിപ്പിക്കും.താൻ സ്വയം കാശ്‌മീരിന്റെ ബ്രാൻഡ് അംബാസിഡറായി വിഷയം ലോകത്തിന്റെ ശ്രദ്ധയിൽ എത്തിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി താൻ ആശയ വിനിമയം നടത്തിയതായും ഇമ്രാൻ വ്യക്തമാക്കി.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാശ്മീരിൽ ഇന്ത്യൻ പതാക ഉയർത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെ, അതിർത്തിയിൽ പാക് പോർവിമാനങ്ങൾ എത്തിയതായി ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ലഡാക്കിന് സമീപമുള്ള പാകിസ്ഥാന്റെ ഫോർവേഡ് ബേസായ സ്‌കർദുവിൽ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാകിസ്ഥാൻ വൻതോതിൽ വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയതിന് പിന്നാലെ പാക് സൈനികനീക്കം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ചൈനീസ് സഹായത്തോടെ നിർമിച്ച ജെ.എഫ് 17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. പാകിസ്ഥാന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും തെറ്റായ നീക്കമുണ്ടായാൽ നേരിടാൻ സൈന്യം സജ്ജമാണെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.