cafe

ബംഗളൂരു: ആസ്‌‌തികൾ വിറ്റഴിച്ച് കടം വീട്ടാൻ കഫേ കോഫീ ഡേയുടെ മാതൃകമ്പനിയായ കോഫീ ഡേ എന്റർപ്രൈസസ് ഒരുങ്ങുന്നു. കഴിഞ്ഞ മാർച്ച് 31ലെ കണക്കുപ്രകാരം ഗ്രൂപ്പിന്റെ കീഴിലെ കോഫീ ഡേ ഗ്ളോബൽ,​ സീക്കൽ ലോജിസ്‌റ്റിക്‌സ്,​ ടാംഗ്ളിൻ ഡെവലപ്‌മെന്റ്‌സ്,​ വേ2വെൽത്ത്,​ കോഫീ ഡേ ഹോട്ടൽ ആൻഡ് റിസോർട്ട്‌സ് എന്നീ ഉപകമ്പനികളുടെ സംയുക്ത കടബാദ്ധ്യത 7,​653 കോടി രൂപയായിരുന്നു. നിലവിൽ,​ ഇത് 11,​000 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നാണ് അനുമാനം.

ഗ്രൂപ്പിന്റെ റിയൽ എസ്‌റ്രേറ്റ് സംരംഭമായ ടാംഗ്ളിൻ ഡെവലപ്‌മെന്റ്‌സിന് കീഴിൽ ബംഗളൂരുവിലുള്ള ഗ്ളോബൽ വില്ലേജ് ടെക് പാർക്ക് വിറ്റഴിക്കാൻ കഴിഞ്ഞ ദിവസം ഡയറക്‌ടർ ബോർഡ് അനുമതി നൽകി. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്രി നിക്ഷേപ സ്ഥാപനമായ ബ്ളാക്ക്സ്‌റ്റോൺ ആണ് പാർക്ക് ഏറ്റെടുക്കുന്നത്. 2,​600-3,​000 കോടി രൂപ മൂല്യം കണക്കാക്കിയായിരിക്കും വില്‌പന. വില്‌പനയ്ക്കുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 30-45 ദിവസത്തിനകം ഇടപാട് പൂർത്തിയാകും. 90 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ടെക്‌നോളജി പാർക്കാണിത്.

ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ വേ2വെൽത്തിന് കീഴിലുള്ള ആൽഫഗ്രെപ്പ് സെക്യൂരിറ്റീസിന്റെ ഓഹരികൾ 28 കോടി രൂപയ്ക്ക് ഇലുമിനാറ്റി സോഫ്‌റ്ര്‌വെയർ കമ്പനിക്ക് വില്‌ക്കാനും ഡയറക്‌ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കോഫീ ഡേ എന്റർപ്രൈസസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറും ഇന്ത്യയുടെ 'കോഫീ കിംഗ്" എന്ന വിശേഷണവും ഉണ്ടായിരുന്ന വി.ജി. സിദ്ധാർത്ഥയെ കഴിഞ്ഞ ജൂലായ് 29നാണ് മംഗലാപുരത്തിനടുത്ത് നേത്രാവതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാദ്ധ്യതകളെ തുടർന്ന്,​ അദ്ദേഹം ആത്‌മഹത്യ ചെയ്‌തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോഫീ ഡേ:

ഓഹരികൾ

തകരുന്നു

ജൂലായ് 29ന് ചെയർമാൻ വി.ജി. സിദ്ധാർത്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയതു മുതൽ ഓഹരി വിപണിയിൽ വൻ തകർച്ചയാണ് കോഫീ ഡേ എന്റർപ്രൈസസ് നേരിടുന്നത്. തുടർച്ചയായ 11 സെഷനുകളിലായി മാത്രം ഓഹരി വിലയിൽ 65.4 ശതമാനം ഇടിവുണ്ടായി. ജൂലായ് 15ന് കമ്പനിയുടെ ഓഹരി വില 219 രൂപയായിരുന്നത് ഇന്നലെ 66.25 രൂപയിലേക്ക് ഇടിഞ്ഞു.

₹1,​399 കോടി

കോഫീ ഡേ എന്റർപ്രൈസസിന്റെ മൊത്തം ഓഹരിമൂല്യം (മാർക്കറ്ര് കാപ്പിറ്റലൈസേഷൻ)​ നിലവിൽ 1,​399 കോടി രൂപയാണ്. 7,​000 കോടി രൂപയിൽ നിന്നാണ് ഈ വീഴ്‌ച.