തിരുവനന്തപുരം: മഴ മാറിനിന്ന ദിവസം കുറേയാളുകൾ പുതുതായി ക്യാമ്പുകളിലെത്തിയെന്നും അനർഹർക്ക് അടിയന്തര സഹായം നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരിതബാധിത കുടുംബങ്ങൾക്ക് 15കിലോ അരി സൗജന്യമായി നൽകും. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഇത് നൽകും. 35കിലോ സൗജന്യറേഷൻ ലഭിക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിനു പുറമേയാണിത്.
വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതൽ 12 ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നൽകും. വിദ്യാർത്ഥികളിൽ നിന്ന് പ്രഥമാദ്ധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. പാഠപുസ്തകങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ നടപടി തുടങ്ങി.
സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കാൻ അദാലത്തുകൾ നടത്തും. ആധാർ കാർഡ്, എസ്.എസ്.എൽ.സി, റേഷൻ കാർഡ്, വാഹന രജിസ്ട്രേഷൻ രേഖ, ഡ്രെെവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ജനനമരണ, വിവാഹ രേഖകൾ, ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പ് സൗജന്യമായി ഈ അദാലത്തുകളിൽ നൽകും.
നഷ്ടപരിഹാരം സംബന്ധിച്ച് സമയബന്ധിതമായി തീരുമാനമെടുക്കാനും വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം ശുപാർശ ചെയ്യാനും ഇ.പി.ജയരാജൻ, ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്‌ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.
മത്സ്യകൃഷിയടക്കം വ്യാപക കൃഷിനാശം നേരിട്ടവർക്ക് കഴിഞ്ഞ പ്രളയകാലത്തെ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നൽകും. തകർന്ന റോഡുകളും കെട്ടിടങ്ങളും പാലങ്ങളും പുനർനിർമ്മിക്കും. ജലസേചന- കുടിവെള്ള പദ്ധതികൾ എന്നിവയുടെ അറ്റകുറ്റപ്പണി നടത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറാൻ കമ്മിഷൻ ഈടാക്കരുതെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് നൽകുന്ന അടിയന്തരസഹായം പിൻവലിക്കാൻ അക്കൗണ്ടിൽ മിനിമം ബാലൻസ് തുക വേണമെന്ന് നിബന്ധന ഒഴിവാക്കാനും ആവശ്യപ്പെട്ടു.
പ്രളയനാശനഷ്ടം കണക്കാക്കി കേന്ദ്രസഹായം നേടിയെടുക്കാനുള്ള മെമ്മോറാണ്ടം തയ്യാറാക്കാൻ ചീഫ്സെക്രട്ടറി, ആഭ്യന്തര, ധന, കൃഷി അഡി.ചീഫ്സെക്രട്ടറിമാരും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമടങ്ങിയ സമിതിയെ നിയോഗിച്ചു.