ന്യൂഡൽഹി: റീട്ടെയിൽ നാണയപ്പെരുപ്പത്തിന്ന് പിന്നാലെ മൊത്തവില സൂചിക (ഹോൾസെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പവും ജൂലായിൽ കുത്തനെ കുറഞ്ഞു. 25 മാസത്തെ താഴ്‌ചയായ 1.08 ശതമാനമാണ് കഴിഞ്ഞമാസം മൊത്തവില നാണയപ്പെരുപ്പം. ജൂണിൽ ഇത് 2.02 ശതമാനവും ജൂലായിൽ 5.27 ശതമാനവും ആയിരുന്നു.
2017 ജൂണിലെ 0.9 ശതമാനത്തിന് ശേഷം മൊത്തവില നാണയപ്പെരുപ്പം കുറിക്കുന്ന ഏറ്രവും കുറഞ്ഞ നിരക്കാണിത്. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃ വില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂലായിൽ 3.15 ശതമാനമായി താഴ്‌ന്നിരുന്നു. ജൂണിൽ ഇത് 3.18 ശതമാനമായിരുന്നു. ഇരു നാണയപ്പെരുപ്പ സൂചികകളും ആശ്വാസ നിരക്കിലേക്ക് താഴ്‌ന്നതിനാലും സമ്പദ്‌രംഗത്തു നിന്ന് മാന്ദ്യം വിട്ടുമാറിയിട്ടില്ലാത്തതിനാലും റിസർവ് ബാങ്ക് അടുത്ത ധനനയ നിർണയ യോഗത്തിലും റിപ്പോ നിരക്ക് കുറയ്ക്കാൻ തയ്യാറായേക്കും.
റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ തുടരുന്നത് ആശ്വാസകരമാണ് എന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. കഴിഞ്ഞ നാല് ധനനയ നിർണയ യോഗങ്ങളിലായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് 1.10 ശതമാനം കുറച്ചിരുന്നു. ഭവന, വാഹന, വ്യക്തിഗത വായ്‌പാ പലിശ കുറയാൻ സഹായകമായ നടപടിയാണിത്.