kerala-

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘാവരണം കേരള തീരത്തുനിന്ന് അകലുന്നു. പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ന്യൂനമർദ്ദം പടിഞ്ഞാറൻ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കും.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ കാലാവസ്ഥാപഠന വകുപ്പാണ് ആശാവഹമായ റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിന്റെ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഉത്തരേന്ത്യയ്ക്ക് മുകളിൽ രൂപമെടുത്ത ന്യൂനമർദ്ദം പടിഞ്ഞാറൻ ദിശയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഇതാണ് കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്.

ഇതോടെ അതിതീവ്രമായ മഴ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാദ്ധ്യതയുള്ളൂവെന്നാണ് വിലയിരുത്തൽ. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇത്തരത്തില്‍ മഴ തുടരും. നാളെ വൈകിട്ടോടെ കൂടുതൽ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്നും വകുപ്പ് വിലയിരുത്തുന്നു.

തെക്കന്‍ ജില്ലകളിൽഇന്ന് രാത്രിയോടെയും വടക്കൻ ജില്ലകളിൽ നാളെയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ കേരള വെതറും പ്രവചിക്കുന്നു. ഇപ്പോൾ ലഭിക്കുന്ന മഴ ഇന്ന് രാത്രി മുതൽ തെക്കൻ, മദ്ധ്യ കേരളത്തിലും നാളെ വൈകിട്ടോടെ വടക്കൻ ജില്ലകളിലും കുറയും. ന്യൂനമര്‍ദ്ദം ദുർബലാവസ്ഥയിൽ തുടരുകയാണ്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴികെ അതിശക്തമായ മഴ അടുത്ത 24 മണിക്കൂറിൽ കാണുന്നില്ല. പ്രളയഭീഷണിയും ഇനിയില്ല . മാലദ്വീപിന് സമീപം ഒരു ന്യൂനമർദ്ദ സാധ്യത അടുത്ത ദിവസം കാണുന്നുണ്ടെങ്കിലും അതു രൂപപെടുമോ എന്ന് ഉറപ്പില്ലെന്നും സ്വകാര്യ ഏജൻസി വിലയിരുത്തുന്നു.