ജയ്പൂർ: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ പെഹ്‌ലു ഖാൻ (55)എന്നയാളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആറ് പ്രതികളെയും കോടതി വെറുതെ വിട്ടു. കേസിന്റെ വിചാരണ നടക്കുന്ന ആൾവാർ കോടതിയാണ് മുഴുവൻ പ്രതികളെയും വെറുതെവിട്ടത്. സംശയത്തിന്റെ ആനൂകൂല്യം നൽകിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇവരാണെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.
2017 ഏപ്രിൽ ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. 55കാരനായ പെഹ്‌ലു ഖാൻ ഹരിയാനയിൽ നിന്നും പശുക്കളെ വാങ്ങി ജയ്പൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ജയ്‌പൂർ-ഡൽഹി ഹൈവേയിൽ ഗോരക്ഷാപ്രവർത്തകർ പിടിച്ചുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് പെഹ്‌ലു ഖാനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു.
പെഹ്ലു ഖാനെ മർദ്ദിച്ചതിന് ശേഷം കഴുത്തിൽ കെട്ടി വലിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.