ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ദേശീയതാത്പര്യത്തിന് വേണ്ടിയാണെന്നും അതിനെ എതിർക്കുന്നവരുടെ ഹൃദയം തുടിക്കുന്നത് ഭീകരർക്കും മാവോയിസ്റ്റുകൾക്കും വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കാശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് പൊട്ടിച്ചെറിഞ്ഞത്. നിക്ഷിപ്ത താത്പര്യക്കാരും രാഷ്ട്രീയ കുടുംബ വാഴ്ചക്കാരും ഭീകരതയെ പിന്തുണയ്ക്കുന്നവരും, പ്രതിപക്ഷത്തിന്റെ ചില സുഹൃത്തുക്കളുമൊക്കെയാണ് ഇതിനെ എതിർക്കുന്നത്. ജനങ്ങൾ രാഷ്ട്രീയത്തിനപ്പുറം ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഇത് രാജ്യത്തിന്റെ വിഷയമാണ്, ഒരിക്കലും രാഷ്ട്രീയമല്ല - വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
അധികാരം തങ്ങളുടെ ദൈവീകാവകാശം ആണെന്നായിരുന്നു കാശ്മീർ ഭരിച്ചവരുടെ ചിന്താഗതി. യുവാക്കൾ നേതൃത്വത്തിൽ എത്തുന്നതിൽ അവർക്ക് താത്പര്യമില്ല. കാശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാർക്ക് 370ാം വകുപ്പ് ഭരണത്തിന്റെ സുതാര്യത മറയ്ക്കാനുള്ള ഉപാധിയായിരുന്നു. അത് റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തി. ജമ്മുകാശ്മീരിലെയും ലഡാക്കിലെയും എന്റെ സഹോദരി സഹോദരൻമാർ മെച്ചപ്പെട്ട ഒരു ഭാവി ആഗ്രഹിച്ചു. ആർട്ടിക്കിൾ 370 അത് സാദ്ധ്യമാക്കിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അനീതി ഉണ്ടായിരുന്നു. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളും അത് നേരിട്ടു. ഇനി ഇവിടെ വ്യവസായങ്ങൾ സാദ്ധ്യമാകും. ആ വികസനം സാദ്ധ്യമാക്കാൻ ഞങ്ങൾക്ക് ഒരു അവസരം നൽകൂ" - പ്രധാനമന്ത്രി പറഞ്ഞു.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ
ആയുഷ്മാൻ ഭാരത് ആരോഗ്യ മേഖലയിൽ വിപ്ലവമാകും. മൂന്ന് ജില്ലകൾക്ക് ഒരു മെഡിക്കൽ കോളേജാണ് ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ രണ്ട് ഡസനോളം പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും.
75 ദിവസംകൊണ്ട് കുട്ടികളുടെ സുരക്ഷ മുതൽ ചന്ദ്രയാൻ 2 വരെ, അഴിമതിക്കെതിരായ നടപടികൾ മുതൽ മുത്തലാഖ് നിരോധനം വരെ, കാശ്മീർ മുതൽ കർഷക പ്രശ്നങ്ങൾ വരെ ഒരുപാട് കാര്യങ്ങൾ ചെയ്തു.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ ദേശീയ മെഡിക്കൽ കമ്മിഷന് സാധിക്കും.
അഴിമതി കുറയുമ്പോൾ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിക്കും. അഞ്ചുവർഷത്തിനകം ആദായനികുതി നൽകുന്നവരുടെ എണ്ണം ഇരട്ടിയായി