കൊൽക്കത്ത: മുൻകൊൽക്കത്ത മേയറും മുൻമന്ത്രിയും തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ സോവൻ ചാറ്റർജി ബി.ജെ.പിയിൽ ചേർന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് സോവൻ ചാറ്റർജി. നിലവിൽ ബെഹാല പർബയിൽ നിന്നുള്ള എം.എൽ.എയാണ് അദ്ദേഹം. നിലവിൽ തൃണമൂൽ കോൺഗ്രസിനേറ്റ വൻഅടിയായായണ് സോവൻ ചാറ്റർജിയുടെ തീരുമാനത്തെ രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. മുകുൾ റോയിക്ക് ശേഷം ബി.ജെ.പിയിൽ ചേരുന്ന ഉന്നത നേതാവാണ് സോവൻ ചാറ്റർജി. സോവൻ ചാറ്റർജിക്കൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും ഉറ്റ അനുയായിയുമായ ബൈശാഖി ബാനർജിയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്.
അടുത്തവർഷം നടക്കുന്ന കൊൽക്കത്ത കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം പിടിക്കുമെന്ന് സോവൻ ചാറ്റർജിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചുകൊണ്ട് മുകുൾ റോയി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതു മുതൽ മമതയോടൊപ്പം നിലകൊണ്ട നേതാവാണ് മുകുൾ റോയ്. രണ്ടുതവണ കൊൽക്കത്ത മേയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ഫണ്ട് റൈസറായാണ് ചാറ്റർജി അറിയപ്പെടുന്നത്.