ilis

തിരുവനന്തപുരം: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം സംഭാവന നൽകി ഇലീസ് സർക്കോണ. തിരുവനന്തപുരത്ത് വച്ച് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ് സർക്കോണ. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് പിന്തുണ നൽകിയ ഇലിസ് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസിച്ച ഇലിസ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും പങ്കുവച്ചുവെന്നു പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനം ആദരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.