1

ശ്രീനഗർ: കനത്ത സുരക്ഷയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി കാശ്മീർ താഴ്വര. 1947ന് ശേഷം ചരിത്രത്തിലാദ്യമായി കാശ്മീർ താഴ്വരയിൽ ത്രിവർണപതാക പാറിപ്പറക്കും.
ഷേർ ഇ കാശ്മീർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഗവർണർ സത്യപാൽ മാലിക് പതാക ഉയർത്തുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു.എല്ലാ ജില്ലകളിലും ഉപജില്ലകളിലും പഞ്ചായത്തുകളിലും ത്രിവർണ പതാക ഉയർത്തും.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രതിഷേധങ്ങൾ ഉയരാതിരിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പഴുതടച്ച സുരക്ഷയാണ് കാശ്മീരിൽ ഒരുക്കിയിരിക്കുന്നത്.
നിലവിൽ താഴ്വരയിലുള്ള നിയന്ത്രണങ്ങൾ സ്വാതന്ത്ര്യദിനാഘോഷത്തിന് ശേഷം നീക്കുമെന്ന് ഗവർണർ സത്യപാൽ മല്ലിക് വ്യക്തമാക്കി. വാർത്താവിനിമയ സംവിധാനങ്ങൾ ഒരാഴ്ചയ്ക്ക് ശേഷം പൂർവസ്ഥിതിയിലാകും. ശ്രീനഗറിലെ ലാൽ ചൗക്കിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പതാകയുയർത്തുമെന്ന പ്രചാരണവും ഗവർണർ തള്ളി. നിബന്ധനങ്ങൾ മുന്നോട്ടുവച്ച് രാഷ്ട്രീയ താത്പര്യങ്ങളോടെ കാശ്മീർ സന്ദർശിക്കാമെന്നാണ് രാഹുൽ ഗാന്ധി അറിയിച്ചിട്ടുള്ളത്. അതിനാൽ രാഹുലിനുള്ള ക്ഷണം പിൻവലിക്കുന്നതായും സത്യപാൽ മലിക് വ്യക്തമാക്കി. എന്നാൽ ഉപാധികളില്ലാതെ വരാൻ തയ്യാറാണെന്ന് രാഹുൽ തിരിച്ചടിച്ചിട്ടുണ്ട്.
അതിനിടെ, കാശ്മീർ വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷാസമിതി അദ്ധ്യക്ഷനും അംഗരാജ്യങ്ങൾക്കും പ്രതിനിധി വഴി കത്ത് നൽകിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു.