ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് കേന്ദ്രസർക്കാർ ഇപ്പോൾ പൊട്ടിച്ചെറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. കാശ്മീരിൽ സർക്കാർ സ്വീകരിച്ച നടപടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മോദി വ്യക്തമാക്കി.
അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു കാശ്മീർ ഇതുവരെ ഭരിച്ചിരുന്നവർ കരുതിയിരുന്നത്. യുവാക്കൾ നേതൃത്വത്തിലേയ്ക്ക് എത്തുന്നതിൽ അവർക്ക് താത്പര്യമില്ല. കാശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. ഇത് റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും മോദി പറഞ്ഞു.
സർക്കാർ ജമ്മു കാശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഉപരിയായി ജനങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ലെന്നും മോദി വ്യക്തമാക്കി.
ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയായിരുന്നു ആർട്ടിക്കിൾ 370 എന്ന് മോദി പറഞ്ഞു. ഇപ്പോൾആ ചങ്ങല പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. ഇനി ജമ്മു കാശ്മീരിലെ സാധാരണക്കാരുടെ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും അനുസരിച്ച് അവിടെ വികസനങ്ങൾ ഉണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവുമെന്നും അദ്ദേഹം അറിയിച്ചു.