literature-

ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങിയ താരമായിരുന്നു ശ്രീദേവി. ബാലതാരമായി തെന്നിന്ത്യൻ സിനിമകളിലൂടെ അരങ്ങേറി ബോളിവുഡ് താരറാണിയായി മാറിയ ശ്രീദേവിയുടെ ജീവിതം പുസ്തകമാകുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടയിൽ മുന്നൂറോലം ചിത്രങ്ങളിലഭിനയിച്ച് അപ്രതീക്ഷിതമായി മരണത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു ശ്രീദേവി. 2018 ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ അപ്രതീക്ഷിതമായ വിയോഗമുണ്ടായത്.

ശ്രീദേവിയുടെ 56-ാം ജന്മവാർഷികത്തിലാണ് അവരെക്കുറിച്ചുള്ള പെൻഗ്വിൻ റാൻഡം ഹൗസ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ശ്രീദേവി: ഗേൾ, വുമൺ, സൂപ്പർസ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം എഴുത്തുകാരനും തിരക്കഥാകൃത്തുമായ സത്യാർത്ഥ നായക്കാണ് എഴുതുന്നത്. ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ആദ്യത്തെ പുസ്തകമാണിതെന്ന് സത്യാർത്ഥ പറയുന്നു. പുരുഷന്മാർ അടക്കി വാഴുന്ന ഇന്ത്യൻ സിനിമയിൽ ലേഡി സൂപ്പർസ്റ്റാറായി ഉദിച്ചുയർന്ന ശ്രീദേവിയുടെ ജീവിതം ഓർമിച്ചെടുക്കുകയാണ് പുസ്തകം. ഹിന്ദി സിനിമ കൂടാതെ ആദ്യകാലത്തെ അവരുടെ തമിഴ്, തെലുങ്ക്, കന്നഡ. മലയാളം ഭാഷകളിലെ രദ്ധേയ ചിത്രങ്ങളെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. ഒപ്പം 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ ശേഷമുള്ള സംഭവങ്ങളും പുസ്തകത്തിലുണ്ട്.

ശ്രീദേവിയുടെ വലിയ ആരാധകനാണ് ഞാൻ അവരുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായാണ് ഈ പുസ്തകത്തെ കാണുന്നത്. ശ്രീദേവിയുടെ സഹപ്രവർത്തകരോട് സംസാരിച്ചു. അവരുടെ ഓർമകളിലൂടെ, ഒരു ബാലതാരം എന്ന നിലയിൽനിന്നും ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പർസ്റ്റാറിലേയ്ക്കുള്ള യാത്രയാണ് പ്രതിപാദിക്കുന്നത്. - സത്യാർത്ഥ് നായക് പറഞ്ഞു.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകം ഈ വർഷം ഒക്ടോബറിൽവായനക്കാരിലെത്തും.