ജയ്‌പൂർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാൻ എന്നയാളെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് പേരെയും കോടതി വെറുതെവിട്ടു. ആൾവാറിലെ വിചാരണ കോടതിയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വെറുതെ വിട്ടത്. 2017 എപ്രിലിലായിരുന്നു കേസിനാസ്‌പദമായ സംഭവം. 55കാരനായ പെഹ്‌ലുഖാനെ ആൾക്കൂട്ടം ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇവരാണെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജയ്‌പൂരിലെ ചന്തയിൽ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജയ്‌പൂർ - ഡൽഹി ദേശീയ പാതയിൽ ഗോരക്ഷാപ്രവർത്തകർ പെഹ്‌ലുഖാനെ തടഞ്ഞ് നിറുത്തി ക്രൂരമായി ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചു. ആകെയുള്ള ഒമ്പത് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.