trump

വാഷിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരെയും ചൈനയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഭീമൻ സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ലോകവ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ഇന്ത്യയെയും ചൈനയെയും ഇപ്പോഴും വികസ്വര രാജ്യങ്ങളായാണ് കാണുന്നത്. പക്ഷേ അവർ വികസിച്ചു കഴിഞ്ഞു. ഇനി ഡബ്ളിയു.ടി.ഒയിൽ നിന്ന് ആനുകൂല്യങ്ങളൊന്നും അവർ സ്വീകരിക്കരുത്. ഇന്ത്യയും ചൈനയും അനേകം വർഷങ്ങളായി ഞങ്ങളിൽ നിന്ന് കാര്യലാഭം നേടിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഡബ്ല്യു.ടി.ഒയെ ദുരുപയോഗം ചെയ്യാൻ അമേരിക്ക അനുവദിക്കില്ല. ഇക്കാര്യം ഡബ്ല്യു.ടി.ഒ യു.എസിനെ നീതിപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷ- ബുധനാഴ്ച പെൻസിൽവാനിയയിൽ നടന്ന ചടങ്ങിൽ ട്രംപ് പറഞ്ഞു.

'ചുങ്ക രാജാവ്' എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ട്രംപ് യു.എസ് നിർമ്മിത ഉത്പന്നങ്ങൾക്ക് കടുത്ത ഇറക്കുമതി ചുങ്കം ചുമത്തുന്നതിന് ഇന്ത്യയെ വിമർശിച്ചു. ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് കടുത്ത ഇറക്കുമതി തീരുവ ചുമത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. വികസ്വര രാജ്യങ്ങളെ എങ്ങനെയാണ് വേൾഡ് ട്രേഡ് സെന്റർ നിർവചിക്കുന്നതെന്ന് ജൂലായിൽ ട്രംപ് ചോദിച്ചിരുന്നു. ചൈനയ്ക്കും തുർക്കിക്കും ഇന്ത്യക്കും നൽകുന്ന പ്രത്യേക ഇളവുകൾ ഉന്നംവച്ചായിരുന്നു ഈ പരാമർശം. സാമ്പത്തികമായി ഏറെ മുന്നേറിയ രാജ്യങ്ങൾ ചില പഴുതുകളിലൂടെ ഡബ്ളിയു.ടി.സിയുടെ ആനുകൂല്യങ്ങൾ ഇപ്പോഴും അനുഭവിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് അധികൃതരോട് ട്രംപ് നിർദ്ദേശിച്ചിരുന്നു.