news

1. സംസ്ഥാനത്തെ മഴക്കെടുതികള്‍ വിലയിരുത്തിയും സഹായങ്ങള്‍ക്ക് രൂപം നല്‍കിയും സര്‍ക്കാര്‍. 1,118 ക്യാമ്പുകളില്‍ ആയി 1,89,567 പേര്‍ കഴിയുന്നുണ്ട്. കഴിഞ്ഞ എല്ലാ ദുരിത ബാധിതര്‍ക്കും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര സഹായം നല്‍കും. ഇക്കുറി സംസ്ഥാനത്ത് 64 ഓളം ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായി. പ്രളയത്തിന്റെ തീവ്രതയും കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ ജില്ലകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണ ആയതായി മുഖ്യമന്ത്രി. ദുരന്ത നിവാരണ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും




2. വില്ലേജ് ഓഫീസറും അതാദ് പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയും ചേര്‍ന്ന് പ്രളയ ബാധിത കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കണം. പ്രകൃതി ദുരന്ത മരണമടഞ്ഞവര്‍ക്കും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും. വീടുകള്‍ പൂര്‍ണമായും തകര്‍ന്നതും വാസയോഗ്യം അല്ലാത്ത രീതിയില്‍ തകര്‍ന്നതുമായ വീടുകള്‍ക്ക് 4 ലക്ഷവും വീടും സ്ഥലും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. വ്യാപകമായ കൃഷിനാശം, കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്ക് തര്‍ച്ച നേരിട്ടു. ജലസേചന പദ്ധതികള്‍ തകരാറില്‍ ആയതും പരിഹരിക്കും. റോഡ് കെട്ടിടങ്ങള്‍ ഇവ പുനര്‍ നിര്‍മ്മിക്കണം. ഇതിനെല്ലാം കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡം അനുസരിച്ച് പണം അനുവദിക്കും
3. സമയബന്ധിതമായി ദുരിതാശ്വാസ തുക നല്‍കാനായി മന്ത്രിസഭാ ഉപസമിതി. മന്ത്രിമാരായ ഇ.പി ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ അംഗങ്ങള്‍. അന്ത്യോദയ അന്നയോജന വഴി 35 കിലോ അരി നല്‍കുന്നുണ്ട്. ഇതിന് അര്‍ഹരല്ലാത്ത ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ 15 കിലോ അരി സൗജന്യമായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണ. കാറപകടത്തില്‍ മരിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഭാര്യയ്ക്കും ജോലി നല്‍കും എന്ന് മുഖ്യമന്ത്രി. മലയാള സര്‍വകലാശാലയില്‍ ജോലി നല്‍കും. 4 ലക്ഷം രൂപ കുടുംബത്തിന് ധനസഹായം നല്‍കാനും മന്ത്രിസഭാ തീരുമാനം
4. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യത് രാജ്കുമാറിന്റെ ഭാര്യ. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നത് കുടുംബം തുടക്കം മുതല്‍ ആവശ്യപ്പെടുന്നത് ആണെന്നും ഭാര്യ വിജയ പറഞ്ഞു.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തി ഉണ്ടായിരുന്നില്ല. അന്വേഷണത്തില്‍ വീഴ്ച ഉള്ളതു കൊണ്ടാണ് എസ്.ഐ സാബുവിന് ജാമ്യം കിട്ടിയത്.
5. കേസില്‍ ആരോപണ വിധേയനായ എസ്.പിയെ ചോദ്യം ചെയ്തത് പോലും മാസങ്ങള്‍ക്ക് ശേഷമാണ്. പൊലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചതെന്നും വിജയ ആരോപിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍. സംശയം ദുരീകരിക്കാന്‍ സി.ബി.ഐ അന്വേഷിക്കട്ടെ എന്ന് മന്ത്രിസഭയില്‍ ധാരണ ആയിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.
6. നെടുങ്കണ്ടം പൊലീസ് രജിസ്റ്റ്ര്‍ ചെയ്ത 349/19 എന്ന കേസാണ് സി.ബി.ഐ അന്വേഷിക്കുക. കുറ്റാരോപിതരില്‍ പൊലീസും ഉള്‍പ്പെട്ടതാണ് സി.ബി.ഐയ്ക്ക് കേസ് വിടാന്‍ കാരണം. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതും അസ്വാഭാവിക മരണവും സി.ബി.ഐ അന്വേഷിക്കും. നിലവില്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം സി.ബി.ഐ അന്വേഷണവും നടക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ നിലപാട്.
7. ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാവ് ഷാ ഫൈസലിനെ വീട്ടു തടങ്കലിലാക്കി. ഇസ്തംബുളിലേക്ക് പോകാനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഫൈസലിനെ ശ്രീനഗറിലേക്ക് തിരിച്ചയക്കുകയും അവിടെ വച്ച് കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. മുന്‍ ഐ.എ.എസ് ഓഫീസറായ ഷാ സ്ഥാനം രാജിവച്ച ശേഷം ഈയടുത്താണ് ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ഷായെ പൊതു സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യ്തു.
8. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കാശ്മീരില്‍ അറസ്റ്റിലാവുന്ന നാലാമത്തെ നേതാവാണ് ഷാ ഫൈസല്‍. 370താം വകുപ്പ് റദ്ദാക്കിയത് മുഖ്യധാരയെ ഇല്ലാതാക്കി. ഭരണഘടനയ്ക്ക് വേണ്ട്ി വാദിച്ചവര്‍ ഇല്ലാതായി കഴിഞ്ഞു. രാഷ്ട്രീയ അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ കാശ്മീരിനു ദീര്‍ഘവും സുസ്ഥിരവും അഹിംസാ മാര്‍ഗ്ഗത്തിലുള്ള ജനമുന്നേറ്റം ആവശ്യമാണ് എന്ന് ഷാ ഫൈസല്‍ ട്വീറ്റ് ചെയ്തിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഒമര്‍ അബ്ദുള്ള, സജ്ജാദ് ലോണ്‍, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി എന്നിവരും അറസ്റ്റിലാണ്.
9. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104 ആയി. കവളപ്പാറയില്‍ നിന്ന് 1 മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് കണ്ടെത്തുന്ന 7-ാമത്തെ മൃതദേഹമാണിത്. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം പത്ത്. കവളപ്പാറയില്‍ മഴ മൂലം നിറുത്തിവച്ച തിരച്ചില്‍ പുനരാരംഭിച്ചു. കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടി ആവുകയാണ് കനത്ത മഴ. ഏത് നിമിഷവും മണ്ണ് ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറ.
10. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. 20 സെന്റീ മീറ്ററില്‍ കൂടുതല്‍ മഴ പെയ്യുക കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള മറ്റു ജില്ലകളില്‍ 7 മുതല്‍ 20 സെന്റീ മീറ്റര്‍ വരെ മഴ പെയ്‌തേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയില്‍. അടുത്ത 24 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കും. അതിനാല്‍ വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത.
11. വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ നേരത്തെ ഓറഞ്ച് അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നത് കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നേരത്തെ തന്നെ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.
12. മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നാട്. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ 60 ലോഡ് അവശ്യ സാധനങ്ങള്‍ കേരളത്തില്‍ എത്തിക്കും. അരി, പലവ്യഞ്ജനം, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, മരുന്നുകള്‍, പഠന സാമഗ്രികള്‍ തുടങ്ങിയ വസ്തുക്കളാണ് ആദ്യം എത്തിക്കുക