gulf-

ദുബായ് : ദുബായിലെ ജെംസ് സ്കൂളിലെ ബസ് ഡ്രൈവറായിരുന്ന അബ്ദുൾ റസാഖ് ദിവസങ്ങൾക്ക് മുൻപാണ് സുഹൃത്തുക്കളോടൊക്കെ യാത്ര പറഞ്ഞ് അവധിക്ക് നാട്ടിലെത്തിയത്. എന്നാൽ അത് അവസാനത്തെ യാത്ര പറച്ചിലായിരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് റസാഖിന്റെ സഹപ്രവർത്തകർ പറയുന്നു. പ്രളയത്തിനിടെ വെള്ളക്കെട്ടിൽ മുങ്ങിപ്പോയ കുട്ടിയുടെ ജീവൻ രക്ഷിച്ച് കരയ്ക്കെത്തിച്ച ശേഷം അബ്ദുൾ റസാഖ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

അബ്ദുൽ റസാഖ് ഇപ്രാവശ്യം വേനലവധിക്ക് സ്കൂൾ അടച്ചപ്പോഴായിരുന്നു നാട്ടിലേയ്ക്ക് പോയത്. മകളുടെ വിവാഹവും യാത്രയുടെ ലക്ഷ്യമായിരുന്നു. അധ്യാപകരടക്കമുള്ള സഹപ്രവർത്തകർ അദ്ദേഹത്തിന് യാത്രഅയപ്പും നൽകിയിരുന്നു. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോഴും അബ്ദുൽ റസാഖിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അന്നും അദ്ധ്യാപകരടക്കമുള്ള സഹ പ്രവർത്തകർ പണം സ്വരൂപിച്ച് നൽകി. ആ പണവും നാട്ടുകാരുടെ സഹായവും കൂടിച്ചേർത്താണ് വീട് നന്നാക്കിയത്. ഒരാഴ്ച മുൻപായിരുന്നു അബ്ദുൽ റസാഖിന്റെ മകളുടെ വിവാഹം. ഇതോടനുബന്ധിച്ച് വീട് പെയിന്റടിച്ച് നന്നാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഇൗ മാസം അവസാനത്തോടെ യു.എ.ഇയിലേയ്ക്ക് തിരിച്ചെത്താനായിരുന്നു തീരുമാനിച്ചിരുന്നപ്പോഴായിരുന്നു അപകടം.