ന്യൂഡൽഹി : ബംഗാളിലെ മുൻമന്ത്രിയും തൃണമൂൽ കോൺഗ്രസ് എം.എൽ.എയുമായ സോവൻ ചാറ്റർജി ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബി.ജെ.പി നേതാക്കളായ അരുൺ സിംഗ്, മുകുൾ റോയ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സോവൻ ചാറ്റർജി ബി.ജെ.പിയിൽ അംഗത്വമെടുത്തത്.
മമതയെ മുഖ്യമന്ത്രിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാക്കളിൽ ഒരാളാണ് ഇപ്പോൾ ബി.ജെ.പിയിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും മുകുൾ റോയ് പറഞ്ഞു.
ദീർഘകാലം തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ച സോവൻ ചാറ്റർജി മമത ബാനർജിയുടെ വിശ്വസ്തരിലൊരാളായിരുന്നു. മമത സർക്കാരിൽ ഫിഷറീസ് മന്ത്രിയായിരുന്ന സോവൻ 2010 മുതൽ 2018 വരെ കൊൽക്കത്ത കോർപ്പറേഷൻ മേയറുമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ഇതുവരെ ആറ് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതിനുപുറമേ വിവിധ മുനിസിപ്പൽ കൗൺസിലർമാരും ബി.ജെ.പിയിൽ അംഗത്വമെടുത്തിരുന്നു.