ന്യൂഡൽഹി: ബാലാക്കോട്ട് തിരിച്ചടിക്ക് പിന്നാലെയുണ്ടായ ഇന്ത്യ - പാക് സംഘർഷത്തിൽ പാകിസ്ഥാന്റെ എഫ്.16 യുദ്ധവിമാനം വെടിവച്ചിട്ട വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് വീരചക്ര നൽകി രാജ്യത്തിന്റെ ആദരം.
യുദ്ധസമയത്ത് ധീരതയ്ക്ക് രാജ്യം നൽകുന്ന മൂന്നാമത്തെ ഉയർന്ന മെഡലാണ് വീരചക്ര. സ്ക്വാഡ്രൻ ലീഡർ മിന്റി അഗർവാളിന് യുദ്ധസേവ മെഡലും 2016 സെപ്തംറിൽ അതിർത്തികടന്ന് മിന്നാലക്രമണം നടത്തിയ പാരസ്പെഷ്യൽ ഫോഴ്സസിലെ സന്ദീപ് സിംഗിന് മരണാനന്തരബഹുമതിയായി ശൗര്യ ചക്രയും നൽകി ആദരിക്കും. 2018ൽ കുപ്‌വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് സന്ദീപ് സിംഗ് വീരമൃത്യുവരിച്ചത്. ബാലാക്കോട്ട് ഓപ്പറേഷന്റെ ഭാഗമായി ഫൈറ്റർ കൺട്രോളർ എന്നനിലയിലുള്ള സേവനത്തിനാണ് മിന്റി അഗർവാളിന് യുദ്ധസേവാമെഡൽ. ബാലാകോട്ടിൽ ജെയ്ഷേ മുഹമ്മദ് ക്യാമ്പ് തകർത്ത ഓപ്പറേഷൻ ടീമിലെ വിംഗ് കമാൻഡർ അമിത് രഞ്ജൻ, സ്ക്വാഡ്രൻ ലീഡർമാരായ രാഹുൽ ബസോയ, പങ്കജ് അരവിന്ദ് ബുജഡെ, ബി.കെ.എൻ റെഡ്ഡി, ശശാങ്ക് സിംഗ് എന്നിവർക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡൽ ലഭിച്ചു. ഇതുൾപ്പെടെ 136 സേനാ, അർദ്ധസൈനിക ഉദ്യോഗസ്ഥർക്കാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ധീരതയ്ക്കുള്ള മെഡലുകൾ പ്രഖ്യാപിച്ചത്. ബാലാക്കോട്ട് തിരിച്ചടിക്ക് തൊട്ടടുത്ത ദിവസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ആകാശ സംഘർഷത്തിനിടെയാണ് അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്റെ എഫ്. 16 തകർത്തത്. തുടർന്ന് അഭിനന്ദൻ പറത്തിയ മിഗ് 21 തകർന്ന് നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് വീണു. പാക് പിടിയിലായ അഭിനന്ദനെ മാർച്ച് ഒന്നിനാണ് മോചിപ്പിച്ചത്. ഇന്ത്യയിൽ തിരിച്ചെത്തിയ അഭിനന്ദൻ ചികിത്സകൾക്കു ശേഷം വ്യോമസേനയിലെ ചുമതലകളിലേക്കു മടങ്ങിയെത്തിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ ആദരം. 2018 നവംബറിൽ കുൽഗാമിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സപ്പർ പ്രകാശ് ജാദവ് , സി.ആർ.പി.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ഹർഷപാൽ സിംഗ് എന്നിവർക്ക് കീർത്തിചക്ര സമ്മാനിക്കും. സൈനിക അർദ്ധ സൈനിക വിഭാഗത്തിലുള്ള 14 പേർക്ക് ശൗര്യചക്രയും 98 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡലും അഞ്ച് പേർക്ക് നാവികസേന മെഡലും ഏഴ് പേർക്ക് വായുസേന മെഡലും അഞ്ച് പേർക്ക് യുദ്ധസേവ മെഡലുമാണ് രാഷ്ട്രപതി പ്രഖ്യാപിച്ചത്.