തിരുവനന്തപുരം :കനത്ത പേമാരിയും ഉരുൾപൊട്ടലും നാശം വിതച്ച പ്രദേശങ്ങളിലേക്ക് എല്ലായിടത്ത് നിന്നും സഹായപ്രവാഹമാണ്. കഴിഞ്ഞ പ്രളയകാലത്ത് കണ്ടതുപോലെ ദുരിതബാധിതരെ സഹായിക്കാൻ കൈയും മെയ്യും മറന്ന് അണിനിരക്കുകയാണ് കേരളജനത ഒന്നാകെ. കച്ചവടത്തിന് വേണ്ട്വച്ചിരുന്ന തുണികൾ ഒന്നടങ്കം പ്രളയബാധിതർക്ക് നൽകിയ കൊച്ചിയിലെ നൗഷാദ്, മകളുടെ കാൻസർ ചികിത്സയ്ക്കുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത പിതാവ് തുടങ്ങി നൻമയുടെ കാഴ്ചകളാണ് കേരളമണ്ണ് ഈ നാളുകളിൽ കണ്ടത്.
പ്രളയദുരന്തത്തിൽ വേദനിക്കുന്നവർക്കായുള്ള ഒരുമൂന്നാംക്ലാസുകാരിയുടെ പ്രാർത്ഥനയെക്കുറിച്ച് പറയുകയാണ് തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ബുഹാരി. പ്രളയബാധിതർക്കുള്ള സഹായമെത്തിക്കാൻ അവരുടെ രക്ഷകർത്താക്കളിൽ നിന്ന് സാധനങ്ങൾ ശേഖരിക്കവെയാണ് മൂന്ന് ഇ ക്ലാസിലെ ഒരുകുട്ടി നൽകിയ കിറ്റിൽ നിന്നും ഒരു കുറിപ്പ് കിട്ടിയതെന്ന് ബുഹാരി പറയുന്നു.
ഈ പ്രളയം നമ്മുടെ നാടിനെ കഷ്ടപ്പെടുത്തി. ഞാനും എന്റെ കുടുംബവും നമ്മുടെ നാടിന് വേണ്ടി പ്രാർത്ഥിക്കും. എല്ലാകൊച്ചുകൂട്ടുകാർക്ക് വേണ്ടിയും നമ്മെ വിട്ടുപിരിഞ്ഞവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കും. എന്ന് നിലോർന കിഷോർ, മൂന്ന് ഇ, കോട്ടൺഹിൽ എൽ.പി.എസ് എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.
ഈ കുരുന്നിന്റെ മനസ്സിലുള്ള സ്നേഹവും സഹജീവികളോടുള്ള അനുകമ്പയും മുതിർന്നവർക്ക്പോലും മാതൃകയാണെന്ന് ഹെഡ് മാസ്റ്റർ ബുഹാരി പറയുന്നു. ഒരു പൊതുവിദ്യാലയത്തിൽ ഉള്ള കുഞ്ഞുങ്ങളിലെ ഇത്തരം മനോഭാവം പ്രകടമാകാൻ സാധ്യതയുള്ളു. ആ കുഞ്ഞു മനസ്സിനുമുൻപിൽ ശിരസ്സ് നമിക്കുന്നു. അവളുടെ സ്കൂളിലെ ഹെഡ്മാസ്റ്റർ എന്നു പറയുവാൻ അഭിമാനവും തോന്നുന്നു എന്ന് അദ്ദേഹം പറയുന്നു.