kerala

തിരുവനന്തപുരം: സംസ്ഥാനം കനത്ത പ്രളയദുരിതം നേരിടുന്നതിനിടെ മുഖ്യമന്ത്രിക്ക് സ്പെഷ്യൽ ലെയ്സൺ ഒഫീസറെ നിയമിച്ച് സർക്കാർ. നിലവിൽ മുഖ്യമന്ത്രിക്കുള്ള ഉപദേശകർക്ക് പുറമെയാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസറെ സർക്കാർ നിയമിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ കക്ഷിയായുള്ള കേസുകളുടെ മേൽനോട്ടത്തിനാണ് പുതിയ നിയമനം. കൊച്ചി കടവന്ത്ര സ്വദേശിയായ മുതിർന്ന അഭിഭാഷകനായ എ. വേലപ്പൻ നായരെയാണ് നിയമിച്ചത്. 1.10 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്പളം. നിയമനം രണ്ടാഴ്ച മുമ്പ് മന്ത്രിസഭ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴാണ് ഉത്തരവിറങ്ങിയത്.


അഡ്വക്കറ്റ് ജനറൽ ഓഫീസിലാണ് ഇദ്ദേഹം പ്രവർത്തിക്കുക. അഡ്വക്കറ്റ് ജനറൽ ഓഫിസുമായി ബന്ധപ്പെട്ടു കേസുകളുടെ പുരോഗതി നീരീക്ഷിക്കുന്നതും ചുമതലയാണ്. ഗവ. പ്ലീഡറുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത് അനുസരിച്ചാണ് വേലപ്പൻ നായരുടെ ശമ്പളം 1.10 ലക്ഷം രൂപയാക്കി നിശ്ചയിച്ചത്. ഇദ്ദേഹം മുൻ മന്ത്രി എളമരം കരീമിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അടിസ്ഥാന ശമ്പളം 76,000 രൂപയും. ടെലിഫോൺ ഇന്റർനെറ്റ് ബത്ത 1000 രൂപ, യാത്രാബത്ത 19,000 രൂപയുമാണ്. കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വാങ്ങുന്നതിന് 14,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്.

അതേസമയം, ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരിൽ ലക്ഷങ്ങൾ ശമ്പളം നിശ്ചയിച്ച് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറെ നിയമിച്ച സർക്കാരിന്റെ നടപടി തികഞ്ഞ ധൂർത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനം വീണ്ടും വലിയ പ്രളയക്കെടുതിയുടെ നടുവിലാണ്. കഴിഞ്ഞ പ്രളയത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും ദുരന്തബാധിതരിൽ പലർക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വക്കേറ്റ് ജനറലും നൂറിലേറെ സർക്കാർ അഭിഭാഷകരും ഉള്ളപ്പോഴാണ് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി എ.വേലപ്പൻ നായരെ നിയമിച്ചത്.