ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ന്യൂസിലൻഡ് 203/5
അഞ്ച് വിക്കറ്റുകളും അഖില ധനഞ്ജയയ്ക്ക്
ഗോൾ : ചായ സമയത്തിനു ശേഷം മഴ കവർന്ന ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. സ്പിന്നർ അഖില ധനഞ്ജയയാണ് സന്ദർശകരുടെ അഞ്ച് വിക്കറ്റുകളും നേടിയത്. പുറത്താകാതെ 86 റൺസുമായി നിൽക്കുന്ന റോസ് ടെയ്ലറാണ് കിവീസ് ഇന്നിംഗ്സിലെ ഹീറോ. ജീത്ത് റാവൽ (33), ടോം ലതാം (30), ഹെൻട്രി നിക്കോൾസ് (42) എന്നിവരും കിവീസിനായി പൊരുതി. ക്യാപ്ടൻ കേൻ വില്യംസൺ(0), വാറ്റ്ലിംഗ് (1) എന്നിവർ മാത്രമാണ് നിരാശപ്പെടുത്തിയത്.
ആദ്യ സെഷനിൽ ഓപ്പണർമാരായ ജീത് റാവലും ലതാമും ചേർന്ന് മികച്ച രീതിയിലാണ് കിവീസിനായി ഇന്നിംഗ്സ് തുടങ്ങിയത്. 27-ാം ഓവറിലാണ് ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് വീഴ്ത്താൻ കഴിയുന്നത്. ലതാമിനെ ധനഞ്ജയ കീപ്പർ ഡിക്ക്വെല്ലയുടെ കൈയിലെത്തിക്കുകയായിരുന്നു. ഇതേ ഓവറിൽ തന്നെ കേൻവില്യംസണിനും അഖില മടക്കടിക്കറ്റ് നൽകി. 31-ാം ഓവറിൽ ജീത് റാവിലിനെയും ധനഞ്ജയ തിരിച്ചയച്ചതോടെ 71/3 എന്ന സ്കോറിൽ കിവീസ് ലഞ്ചിന് പിരിഞ്ഞു.
ലഞ്ചിനു ശേഷം റ്റോസ് ടെയ്ലറും ഹെൻറി നിക്കോൾസും ചേർന്ന് കിവീസ് ഇന്നിംഗ്സ് വീണ്ടും നെയ്തെടുക്കാൻ തുടങ്ങി. 100 റൺസാണ് ഇവർ നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ചായയ്ക്ക് തൊട്ടുമുൻപാണ് സന്ദർശകർക്ക് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. നിക്കോൾസിനെയും പകരമിറങ്ങിയ വാറ്റ്ലിംഗിനെയും അഖില എൽ.ബിയിൽ കുരുക്കുകയായിരുന്നു. 179/5 എ എന്ന സ്കോറിലാണ് ചായയ്ക്ക് പിരിഞ്ഞത്. ചായയ്ക്കു ശേഷം എട്ടോവർ മാത്രമേ കളി ക്കാൻ മഴ സമ്മതിച്ചുള്ളൂ.