തിരുവനന്തപുരം ഒരു ലോറിയുടെ വലിപ്പമല്ല, ഒരു രണ്ടു രണ്ടര ലോറിയുടെ വലിപ്പമുള്ള ഭീമൻ ടോറസാണ് തിരുവനന്തപുരം നഗരസഭയുടെ മുന്നിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് പോകാനുള്ള സാധനങ്ങളുമായി കിടക്കുന്നത്. നിരനിരയായി നിന്ന് സാധനങ്ങൾ കൈമാറുന്നവരുടെ കൂട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ.പ്രശാന്തുമുണ്ട്. വീണ്ടും ഒരു പ്രളയമുണ്ടായപ്പോൾ ജില്ലാ ഭരണം ഉണരാൻ വൈകിയെങ്കിലും അതിന്റെ കുറവ് നികത്തിക്കൊണ്ട് തലസ്ഥാനത്തിന്റെ മനസായി വി.കെ.പ്രശാന്ത് മാറി. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവർക്കായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുക മാത്രമല്ല, പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു.
കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ ദുരിതത്തിൽ കയ്യഴിഞ്ഞ് സഹായങ്ങൾ നൽകാൻ മുന്നിട്ടിറങ്ങിയ മുന്നിട്ടിറങ്ങിയ മേയർ വി.കെ. പ്രശാന്തിനെ അഭിനന്ദിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.
പ്രളയക്കെടുതി രൂക്ഷമായ ആദ്യ ദിനങ്ങളിൽ തെക്കൻ കേരളത്തിൽ നിന്നും വേണ്ടത്ര സഹായങ്ങൾ എത്തുന്നില്ല എന്ന പരാതി ഉയർന്നു വന്നിരുന്നു. ഇതുകൂടാതെ തത്കാലം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും അവ അയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം കളക്ടർ ഫേബുക്ക് ലൈവിലൂടെ അറിയിച്ചതും വിവാദമായിരുന്നു, ഈ സാഹചര്യത്തിലാണ് കുറഞ്ഞ സമയം കൊണ്ട് നാല്പതോളം ലോഡ് നിറയെ അവശ്യവസ്തുക്കൾ എത്തിച്ചു നല്‍കിയ തിരുവനന്തപുരം മേയർക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള അരുൺ ഗോപിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്
അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തിൽ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്‍ക്കുന്നതിൽ! രാഷ്ട്രീയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തരുന്നതിൽ!
തെങ്ങും തെക്കനും ചതിക്കില്ല.!