ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ചതിന് പിന്നാലെ വീണ്ടും ഇവരെ പുകഴ്‌ത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ പ്രസ്താവനയെ വിമർശിച്ച് അസദ്ദൂദിൻ ഒവൈസി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് വീണ്ടും സ്റ്റൈൽ മന്നന്റെ പരാമർശം.
'തന്ത്രങ്ങളുടെ വിദഗ്ദ്ധൻമാരാണ് മോദിയും അമിത് ഷായുമെന്നാണ് രജനീകാന്തിന്റെ വിശേഷണം. ഒരാൾ പദ്ധതികൾ തയ്യാറാക്കുകയും മറ്റയാൾ നടപ്പിലാക്കുകയും ചെയ്യുമെന്ന് രജനികാന്ത് പറഞ്ഞു. കാശ്മീര്‍ ഭീകരവാദികളുടെയും തീവ്രവാദികളുടെയും നാടാണ്. ആദ്യം കാശ്മീരില്‍ കർഫ്യു പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയിൽ ബില്ല് പാസാക്കുകയും ചെയ്തത് തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് രജനി ചൂണ്ടിക്കാട്ടി.
മോദിയും അമിത് ഷായും കൃഷ്ണനെയും അര്‍ജുനനെയും പോലെയാണെന്നായിരുന്നു ഞായറാഴ്ച രജനി പറഞ്ഞത്. രജനി മഹാഭാരതം ഒരിക്കൽ കൂടി വായിക്കുന്നത് നന്നാവുമെന്നായിരുന്നു കോൺഗ്രസ് നേതാവ് കെ.എസ് അഴഗിരിയുടെ ഉപദേശം.