ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.ഇതാദ്യമായാണ് അർജുൻ ലിജോയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്.
അതേ സമയം ലിജോയുടെ പുതിയ ചിത്രമായ ജെല്ലിക്കെട്ട് ടൊറന്റോ ഇന്റർനാഷണൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു.സമകാലിക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. വിനായകൻ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസിലാണ് അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്.
സേതു തിരക്കഥ എഴുതുന്ന ചിത്രത്തിൽ ധ്രുവൻ, ഷറഫുദീൻ, അതിഥി രവി , ശ്രീനാഥ് ഭാസി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാജീവ് രവിയുടെ തുറമുഖമാണ് അർജുൻ പൂർത്തിയാക്കിയ മറ്റൊരു ചിത്രം. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ശക്തമായ കഥാപാത്രമാണ് രാജീവ് രവിയുടെ ചിത്രത്തിലേതെന്ന് അർജുൻ സിറ്റി കൗമുദിയോട് പറഞ്ഞു. ദിലീപിന്റെ അനുജൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അർജുൻ അശോകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.