pm

ന്യൂഡൽഹി: ഇന്ത്യക്ക് ഇനി ഒരു സെെനിക മേധാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കര-നാവിക -വ്യോമസേനയുടെ ഏകോപനത്തിനായാണ് ഒരുതലവനെന്ന് അദ്ദേഹം വ്യക്തമാക്കി. സേനയുടെ നവീകരണമടക്കമുള്ള ചുമതലകൾ ഇവർ നിർവഹിക്കും. ചീഫ് ഒഫ് ഡിഫൻസ് എന്നതായിരിക്കും പുതിയ പദവിയെന്നും അദ്ദേഹം പറഞ്ഞു. 73 ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

"നമ്മുടെ അഭിമാനമാണ് സുരക്ഷാസേനകൾ. സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനി മുതൽ ചീഫ് ഒഫ് ഡിഫൻസ് ഉണ്ടാകും. ഇത് സേനകളെ കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര-വ്യോമ-നാവിക സേനാ മേധാവികൾക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തിൽ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ ഇനി രാജ്യത്തുണ്ടാകും "-അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കും. പ്രശ്നങ്ങൾ സൃഷ്ടിക്കാനും അവ വലിച്ചു നീട്ടാനും സർക്കാരിനു താൽപര്യമില്ല. 70 വർഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റി. ജമ്മുകാശ്മിരിലെ പഴയ സ്ഥിതി സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും അനീതി സമ്മാനിച്ചവെന്നും അദ്ദേഹം പറഞ്ഞു.