virat-kohli

പോർട്ട് ഒഫ് സ്‌പെയിൻ: ഇന്ത്യൻ മുൻ ക്യാപ്റ്റൻ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡിനൊപ്പമെത്താൻ നായകൻ വിരാട് കൊഹ്‌ലി. സെഞ്ച്വറികളിലൂടെ വീണ്ടും പകിട്ട് തെളിയിച്ചിരിക്കുകയാണ് ക്യാപ്റ്റൻ. ഏകദിനത്തിലെ 43–ാം സെഞ്ച്വറിയുമായി സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡിനോട് ഒരുപടി കൂടി അടുത്ത (49) കൊഹ്‌ലി, 99 പന്തിൽ 114 റൺസുമായി പുറത്താകാതെ നിന്നു. വിൻഡീസ് മണ്ണിൽ കൂടുതൽ സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാൻ എന്ന പദവിയും കൊഹ്‌ലിക്കുതന്നെ.

നാലാം സെഞ്ച്വറി കുറിച്ച കൊഹ്‌ലി ഹാഷിം അംല, മാത്യു ഹെയ്ഡൻ, ജോ റൂട്ട് എന്നിവരുടെ പേരിലുള്ള റെക്കോർഡാണ് പഴങ്കഥയാക്കിയത്. ഒരു ടീമിനെതിരെ കൂടുതൽ സെഞ്ച്വറികളെന്ന സച്ചിൻ ടെൻഡുൽക്കറിന്റെ നേട്ടത്തിനൊപ്പവുമെത്തി കൊഹ്‌ലി.

വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ മികച്ച ജയം തന്നെയാണ് കാഴ്ചവച്ചത്. മഴ കാരണം 35 ഓവറുകളായി ചുരുങ്ങിയ കളിയിൽ നായകൻ കൊഹ്‌ലിയും ശ്രേയസ് അയ്യറും ഇന്ത്യൻ ജയത്തിന് പങ്കായം പിടിച്ചു. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ കരീബിയൻ മണ്ണിലെ ഏകദിന പരമ്പരയും കൊഹ്‌ലിപ്പട തൂത്തുവാരി. മഴനിയമം പ്രകാരം 35 ഓവറിൽ 255 റൺസാണ് ഇന്ത്യയ്ക്ക് മുന്നിൽ വിജയലക്ഷ്യം ഉയർന്നത്. പുറത്താവാതെ കൊഹ്‌ലി കുറിച്ച 114 റൺസ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായി.

മികച്ച തുടക്കം കുറിച്ച രോഹിത് ശർമ സ്കോർ 25ൽ നിൽക്കെ സഹ ഓപ്പണർ ശിഖർ ധവാനുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടായി. ആറു പന്തിൽ രണ്ടു ബൗണ്ടറി സഹിതം 10 റൺസെടുത്താണ് രോഹിത് മടങ്ങിയത്. പിന്നീട് രണ്ടാം വിക്കറ്റിൽ അർദ്ധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കൊഹ്‌ലി–ധവാൻ സഖ്യം ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടു. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി20 പരമ്പര 3–0ന് തൂത്തുവാരിയതിനു പിന്നാലെയാണ് ഏകദിനത്തിലും ഇന്ത്യ വിജയക്കൊടി പാറിച്ചത്.