modi

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രവർത്തിക്കുന്ന പ്രതിപക്ഷത്തിന്റെ മുഖമാകാൻ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പകരം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മതിയെന്ന് സർ‌വേ ഫലം. ഇന്ത്യാ ടുഡേയും കാർവി ഇൻസൈറ്റും ചേർന്ന് നടത്തിയ മൂഡ് ഒഫ് ദി നേഷൻ സർവേയിലാണ് കോൺഗ്രസിന്റെ തിരിച്ചുവരവ് മോഹങ്ങൾക്ക് തിരിച്ചടിയാകുന്ന ഫലം വ്യക്തമായത്.

സർവേയിൽ പങ്കെടുത്ത 19 ശതമാനം പേരും രാഹുൽ ഗാന്ധിക്ക് പകരം മമതാ ബാനർജിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കണമെന്ന് അഭിപ്രായപ്പെട്ടു. അഖിലേഷ് യാദവ് (12 ശതമാനം), അരവിന്ദ് കേജ്‌രിവാൾ (12 ശതമാനം), നവീൻ പട്നായിക്ക് (11 ശതമാനം), ശരത് പവാർ (11 ശതമാനം), ജഗൻ മോഹൻ റെഡ്ഡി (9), മായാവതി (8 ശതമാനം), കെ.ചന്ദ്രശേഖർ റാവു (6 ശതമാനം) എന്നിവരും മമതാ ബാനർജിക്ക് പിന്നിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ 18 എണ്ണത്തിൽ ബി.ജെ.പി വിജയിച്ചതിന് പിന്നാലെയാണ് മമതാ ബാനർജി ദേശീയ തലത്തിലെ പ്രധാന നേതാവായി വളർന്നത്. വിവിധ വിഷയങ്ങളിൽ ബി.ജെ.പിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചതും മമതാ ബാനർജിക്ക് ഗുണകരമായി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, ജവഹർ ലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയവരെ മോദി പിന്നിലാക്കും. സർവേയിൽ പങ്കെടുത്ത 37 ശതമാനം പേരും മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടു. 14 ശതമാനം പേരുടെ വോട്ടുകൾ നേടിയ ഇന്ദിരാ ഗാന്ധിയാണ് തൊട്ടുപിന്നിൽ. അതേസമയം, കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്നതിന് മുമ്പാണ് തങ്ങൾ ഈ സർവേ സംഘടിപ്പിച്ചതെന്നും ഇന്ത്യാ ടുഡേ അധികൃതർ വ്യക്തമാക്കി.