കഴിഞ്ഞവർഷത്തെ പ്രളയത്തിൽ മല്ലികാ സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെള്ളം കയറിയിരുന്നു. ആ സമയത്ത് ചെമ്പിൽക്കയറി രക്ഷാപ്രവർത്തകർക്കൊപ്പം പോകുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് തൊട്ടുപിന്നാലെ നിരവധി പേർ മല്ലിക സുകുമാരനെ ട്രോളി രംഗത്തെത്തിയിരുന്നു.
മകൻ പൃഥ്വിരാജിന്റെ ലംബോർഗിനി കൊണ്ടുവരാൻ പാകത്തിനുള്ള റോഡ് ഇവിടെയില്ലെന്ന മല്ലികയുടെ പരാമർശത്തിന്റെ ചുവടുപിടിച്ചായിരുന്നു മിക്ക ട്രോളുകളും.ഇത്തവണ മഴ കനത്തപ്പോൾ അമ്മയെ ഫോണിൽ വിളിച്ച് പൃഥ്വിരാജ് ഒരു മുന്നറിയിപ്പ് നൽകി.
' അമ്മേ അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ അല്ലെങ്കിൽ ചെമ്പിൽക്കയറി പോകേണ്ടി വരും' എന്നായിരുന്നു പൃഥ്വിയുടെ മുന്നറിയിപ്പ്. ഇതിന് 'ഒന്ന് പേടിപ്പിക്കാതിരിയെടാ' എന്ന മറുപടിയായിരുന്നു മല്ലിക നൽകിയത്. ഒരു പ്രമുഖ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിലാണ് മല്ലിക സുകുമാരൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.