തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിൽ പ്രതികളായ ശിവരഞ്ജിത്തിനെയും നിസാമിനെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്. പ്രതികളായ ശിവ രഞ്ജിത്തും നസീമും നൽകിയ ഹർജിയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ജില്ലാ ജയിലിനുള്ളിൽ പകർച്ചവ്യാധി പടരാനുള്ള സാദ്ധ്യതയുണ്ടെന്നും വധഭീഷണിയുണ്ടെന്നും അതിനാൽ ജയിൽ മാറ്റം വേണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
കരമനയിൽ അനന്തുവെന്ന യുവാവിനെ തല്ലികൊന്ന പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ചാണ് ജയിൽമാറ്റാൻ കോടതി ഉത്തരവിട്ടത്. അതേസമയം, ജയിലിനുള്ളിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളോ പകർച്ച വ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിനിടെ യൂണിവേഴ്‌സിറ്റി കോളജിലെ എജ്യുക്കേഷൻ ഡയറക്ടറുടെ സീൽ മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണിത്. സർവകലാശാല അധികാരികൾ സീൽ നഷ്ടപ്പെട്ടെന്ന് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല.
അതേസമയം, കോളേജിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ വിദ്യാർത്ഥി അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖിൽ പൊലീസിന് മൊഴി നൽകി. സംഘർഷത്തിനിടെ നസീം തന്നെ പിടിച്ചുവച്ചതിന് പിന്നാലെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖിൽ പറഞ്ഞു.