1. മഴ കനക്കുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. 5 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നത്. 77.4 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 79. 25 മീറ്ററാണ് ആകെ സംഭരണ ശേഷി. ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.
2. അതേസമയം, മഴ വന്‍ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ പുനരരാംഭിച്ചു. കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 31 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 28 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്. പുത്തുമലയില്‍, മനുഷ്യര്‍ കുടുങ്ങി കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കി ഇന്നലെ നടത്തിയ തിരച്ചിലും വിഫലമായി.
3. ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും പുത്തുമലയില്‍ നിന്ന് 10 മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ ആയിട്ടുള്ളൂ. 7 പേര്‍ ഇനിയും മണ്ണിനടിയിലാണ്.നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചതുപ്പായി കഴിഞ്ഞു ദുരന്തഭൂമി. മണ്ണുമാന്തി യന്ത്രങ്ങള്‍ പലപ്പോഴും ചതുപ്പില്‍ പുതഞ്ഞുപോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
4. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് നിലവില്‍ മഴ തുടരുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനാല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്ന പ്രതിഭാസം വരും വര്‍ഷങ്ങളിലും പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
5. പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസന വാദം തെറ്റാണെന്ന് വനം മന്ത്രി കെ.രാജു. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. പ്രകൃതി ചൂഷണത്തിന്റെ ഫലമാണ് ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാകുന്നത്. വികസനത്തിന്റെ പേരില്‍ പശ്ചിമഘട്ടം നശിപ്പിച്ചു. കുന്നുകള്‍ എല്ലാം ഇടിച്ചു നിരത്തി റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചു. ദുരന്തങ്ങള്‍ മനുഷ്യനെ മാത്രമല്ല സര്‍വ ജീവ ജാലങ്ങളെയും ബാധിക്കുന്നതാണ്. ഭൂ വിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി പരിഗണിക്കും എന്നും മന്ത്രി പറഞ്ഞു.
6. രാജ്യത്തെ കര, വ്യോമ, നാവിക സേനകള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രതിരോധ മേധാവിയെ നിയമിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരില്‍ ആണ് പുതിയ സേനാ മേധാവി. സേന നവീകരണം അടക്കമുള്ള ചുമതലകള്‍ ആയിരിക്കും മേധാവി നിര്‍വ്വഹിക്കുക എന്നും പ്രധാനമന്ത്രി അറിയിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശത്തിനിടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് 73-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.
7. ദാരിദ്ര നിര്‍മ്മാര്‍ജനവും പാവപ്പെട്ടവരുടെ ഉന്നമന്നവും ആണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ജല്‍ ജീവന്‍ പദ്ധതി നടപ്പാക്കും. ഈ പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ നീക്കി വയ്ക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രളയത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സര്‍ക്കാര്‍ സഹായിക്കും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.